'എനിക്ക് ആദ്യമായി കിട്ടിയ പൊന്നുമോൻ; അവനെ എനിക്ക് തിരിച്ചുതരില്ലേ’: കണ്ണീര്‍കുറിപ്പ്

നന്ദു മഹാദേവ എന്ന ചെറുപ്പക്കാരനെ മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ജീവിതത്തിൽ വില്ലനായെത്തിയ കാൻസറിനെ അതിജീവിച്ച് പോരാടുന്ന ചിരിക്കുന്ന മുഖങ്ങളിലൊന്നാണ് നന്ദുവിന്റത്. തന്റെ അനുഭവങ്ങളും ചികിൽസയെക്കുറിച്ചുമെല്ലാം നന്ദു സാമൂഹിക മാധ്യമത്തിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ നന്ദുവിനെ കുറിച്ച് അമ്മ പങ്കുവയ്ക്കുന്ന കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. തന്റെ മകന്റെ അസുഖമെല്ലാം മാറ്റി അവനെ തിരിച്ചു തരണമെന്ന പ്രാർഥനയാണ് ഈ അമ്മയ്ക്കുള്ളത്. വളരെ പാവവും നിഷ്ക്കളങ്കനും പഠനത്തിൽ മിടുക്കനുമായിരുന്നു നന്ദു എന്ന് വേദനയോടെ അവർ പറയുന്നു ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.

നന്ദുവിന്റെ അമ്മയുടെ കുറിപ്പ് വായിക്കാം: എന്റെ പൊന്നു മോൻ.  നന്ദു മഹാദേവ ആദ്യം ആയിട്ടു കിട്ടിയ എന്റെ പൊന്നുമോൻ. വളരെ പാവം ആയിരുന്നു എന്റെ കുട്ടി. സ്കൂളിൽ ആരെങ്കിലും ഉപദ്രവിച്ചാലും ആരോടും പറയില്ല. വീട്ടിൽ വന്നു എന്നോട് പറയും വളരെ സമാധാന പരമായ സ്വഭാവം ആണ്. ഒന്നിനും ഒരു പിണക്കവും ഇല്ല. ഒരു പരാതിയും ഇല്ല. പുതിയ ഡ്രസ്സ് പോലും ഞാൻ വാങ്ങി കൊടുക്കുന്ന ധരിക്കും ഒരു ഇഷ്ടകേടും പറയില്ല. ക്ലാസിൽ എപ്പോഴും ഫസ്റ്റ് ആയിരിക്കും ഓരോ വിഷയത്തിനും.

SSLC പരീക്ഷയിൽ സ്കൂൾ ഫസ്റ്റ് വാങ്ങി. എപ്പോഴും നല്ലപുസ്തകങ്ങൾ വായിക്കുകയും അറിവുകൾ നേടുകയും ചെയ്യും. എപ്പോഴും വീട്ടിൽ ഉണ്ടെങ്കിൽ എന്നെ ചുറ്റി പറ്റി നിൽക്കും. ക്യാൻസർ ആണ് എന്ന് അറിഞ്ഞപ്പോൾ എന്റെ ഹൃദയം പൊട്ടി. പക്ഷെ കരയാൻ പാടില്ല എന്ന് ഞാൻ കരുതി എന്റെ പൊന്നു മോന്റെ മുഖത്തു എങ്ങനെ നോക്കും എന്നു ഞാൻ ഭയപ്പെട്ടു. പക്ഷെ അവൻ ചിരിച്ചും കൊണ്ടു എന്നോട് പറഞ്ഞു. അമ്മ വിഷമിക്കല്ലേ ഇതും നമ്മൾ നേരിടും അതിജീവിക്കും എന്നു. ഇന്ന് ഒരു കൗതുകത്തിനു ആണ് ഈ ഫോട്ടോ എടുത്ത എങ്കിലും ഈ മുഖത്തു നോക്കുമ്പോൾ എന്തു നിഷ്കളങ്കമായ മുഖം. എന്റെ ജീവന്റെ ജീവൻ എന്റെ സ്വാമി എനിക്ക് തന്ന നിധി. ആ പരമകരുണ്യവാൻ അവന്റെ ഈ അസുഖം എടുത്തു മാറ്റി എന്റെ പൊന്നു മോനെ എനിക്ക് തിരിച്ചു തരും എന്നു പൂർണ്ണം ആയി വിശ്വസിക്കുന്നു. എന്റെ പ്രിയപ്പെട്ടവരോട് മാത്രമേ എന്റെ മനസ്സ് പങ്ക് വയ്ക്കാൻ ഉള്ളു. നിങ്ങളുടെ പ്രാർത്ഥനയും. അതാണ് ഞങ്ങളുടെ ജീവിതം.