റോഡിൽ ഇറങ്ങിയപ്പോൾ കണ്ടത് 'കൊറോണ'; ആദ്യം ഞെട്ടൽ; പിന്നെ അമ്പരപ്പ്

കൊറോണ വൈറസ് സൃഷ്ടിച്ച ഭീതിയില്‍ നിന്നും ലോകജനത ഇതുവരെ മോചിതരായിട്ടില്ല. പ്രതിരോധ നടപടികളുമായി മുന്നോട്ടു പോകുകയാണ് 209 രാജ്യങ്ങളിലുമുള്ള സർക്കാറുകളും ജനങ്ങളും. രോഗത്തിന്റെ കാഠിന്യത്തെക്കുറിച്ചും സാമൂഹിക അകലം പാലിക്കുന്നതിനെക്കുറിച്ചും ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാനായി ബന്ധപ്പെട്ടവര്‍ ഏറെ വ്യത്യസ്തമായ മാര്‍ഗങ്ങളാണ് സ്വീകരിക്കുന്നത്. വാഹന നിര്‍മാതാക്കളും ജനങ്ങളില്‍ ബോധവല്‍ക്കരണം സൃഷ്ടിക്കുന്നതിനായി മുന്‍പന്തിയില്‍ തന്നെയുണ്ട്. ഏറെ വ്യത്യസ്തമായ കൊറോണ കാറുമായി രംഗത്തെത്തിയ ഹൈദരാബാദുകാരന്‍ കന്യാബോയിന സുധാകറാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ താരം.

കൊറോണ വൈറസിന്റെ രൂപത്തിലുള്ള കാര്‍ ഇതിനകം വാഹനപ്രേമികളും സാധാരണ ജനങ്ങളും ഏറ്റെടുത്തു കഴിഞ്ഞു. കോവിഡ് 19 ഏതുവിധേനയും തടയണം, അതിനായി സാമൂഹിക അകലം പാലിക്കണം. ഈ സന്ദേശമാണ് കൊറോണ വൈറസിന്റെ രൂപത്തിലുള്ള കാറിന്റെ നിര്‍മാണത്തിലൂടെ ലക്ഷ്യമിട്ടതെന്നു സുധാകര്‍ മാധ്യമങ്ങളോട് വിശദീകരിച്ചു. 100 സി സി എന്‍ജിനുള്ള വാഹനത്തില്‍ ഒരു സീറ്റ് മാത്രമാണുള്ളത്. കാറിനു 6 വീലുകളുണ്ട് ഫൈബറിലാണ് ബോഡി. പത്തു ദിവസം കൊണ്ടാണ് കൊറോണ കാറിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. പരമാവധി വേഗം 40 കിലോമീറ്ററാണ്. ജനങ്ങളില്‍ ബോധവല്‍കരണം നടത്തുന്നതിനായി വാഹനം ഹൈദരാബാദ് പൊലീസിന് കൈമാറാനാണ് സുധാകറിന്റെ തീരുമാനം.

സുധാകറിന്റെ ഉടമസ്ഥതയിലുള്ള ബഹാദൂര്‍പുരയിലെ സുധാ കാര്‍ മ്യൂസിയം നേരത്തെയും വാര്‍ത്തകളില്‍ നിറഞ്ഞിട്ടുള്ളതു വാഹനങ്ങളുടെ വ്യത്യസ്തമായ രൂപഘടനയിലൂടെയാണ്. ലോകത്തിലെ ഏറ്റവും വലിയ മുച്ചക്ര സൈക്കിള്‍ നിര്‍മാണത്തിലൂടെ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍ ഇടം പിടിച്ചിട്ടുള്ള വ്യക്തിയാണ് കെ സുധാകര്‍. സാമൂഹിക ബോധവല്‍ക്കരണത്തിനായി നേരത്തെയും നിരവധി വാഹനങ്ങള്‍ സുധാകര്‍ നിര്‍മിച്ചിട്ടുണ്ട്. പുകവലിയുടെ ദൂഷ്യങ്ങളെ കുറിച്ചോര്‍മിപ്പിക്കാന്‍ സിഗററ്റിന്റെ രൂപത്തിലുള്ള ബൈക്ക്, എയ്ഡ്‌സിനെതിരെയുള്ള ബോധവത്കരണത്തിന് കോണ്ടം ബൈക്ക് തുടങ്ങി നിരവധി വ്യത്യസ്ത ഘടനയിലുള്ള കാറുകള്‍ സുധാകര്‍ നിര്‍മിച്ചിട്ടുണ്ട്.