കണ്ണു തുറക്കാനായില്ല, മരിച്ചിട്ടില്ലെന്നു പറയണമെന്നുണ്ട്; വസൂരിക്കാലം ഓര്‍ത്ത് പന്ന്യൻ

ഞാൻ മരിച്ചെന്ന് ഒരു ദിവസം ആരോ പ്രചരിപ്പിച്ചു. വിവരമറിഞ്ഞ് എത്തിയ ആളുകൾ വീട്ടിലേക്കു കയറാതെ വളപ്പിലും മറ്റുമായി നിന്നു. 

ഇതുപോലെ വീട്ടിൽ നീണ്ടകാലം അടച്ചിട്ടിരിക്കുന്നത് ഇതു രണ്ടാം തവണയാണ്. ആദ്യത്തേത് എന്റെ 15ാം വയസ്സിൽ. നാട്ടിൽ വസൂരിയെന്ന മഹാമാരി പടർന്നു പിടിച്ച കാലം. നാടിനെ പിടിച്ചുലച്ച പകർച്ചവ്യാധി എന്നെയും പിടികൂടി. മേലാസകലം കുരുക്കൾ പൊങ്ങി പഴുത്തു പൊട്ടി. ദേഹം അനക്കാനായില്ല, കണ്ണു തുറക്കാനാവില്ല. കിടന്നിടത്തു നിന്ന് അനങ്ങാനാവില്ല. വീട്ടിലെ ഒരു മുറിയിൽ നിലത്തിട്ട പായയിൽ വേപ്പില വിരിച്ച് അതിലാണു കിടപ്പ്.

അമ്മ മാത്രമാണ് ഇടയ്ക്കു മുറിയിൽ വന്നു നോക്കുക. പിന്നെ രണ്ടു കൂട്ടുകാരും. മറ്റാർക്കും അവിടേക്കു പ്രവേശനമില്ല. ബീഡിത്തൊഴിലാളികളായിരുന്ന കുമാരനും സുധാകരനും എല്ലാ ദിവസവും രാവിലെ വന്നു കണ്ണിൽ മല്ലിവെള്ളം ഒഴിക്കും. അങ്ങനെ ചെയ്താൽ കുറച്ചു നേരം കണ്ണു തുറക്കാനാവും. ഇല്ലെങ്കിൽ കണ്ണ് പീളകെട്ടി തീരെ തുറക്കാൻ കഴിയാതാകും. രാത്രിയിൽ ഉറങ്ങാൻ കഴിയില്ല. കണ്ണടച്ചാൽ ഏതോ ഭീകരരൂപി വന്നു പിടിച്ചു വലിച്ചു കൊണ്ടുപോകാൻ ശ്രമിക്കുന്നതു പോലെ തോന്നും. വസൂരി വന്നു മരിച്ചവരുടെ മൃതദേഹം രാത്രിയിലാണു മറവു ചെയ്യാൻ കൊണ്ടു പോയിരുന്നത്.

വഴിയിൽ ആരും നിൽക്കാതിരിക്കാൻ മണി മുഴക്കി ഒരാൾ മുന്നിൽ നടക്കും. മൃതദേഹം പായിൽ ചുരുട്ടിക്കെട്ടി ചുവന്ന തുണിയിൽ പൊതിഞ്ഞാണ് എടുക്കുക. പന്തം കൊളുത്തി വെളിച്ചം കാട്ടി ഒരാൾ കൂടെയുണ്ടാകും. വസൂരി പിടിച്ചു മരിച്ചവരെ അടയ്ക്കുമ്പോൾ നാലോ അഞ്ചോ പേരേ കാണൂ. ഞാൻ മരിച്ചെന്ന് ഒരു ദിവസം ആരോ പ്രചരിപ്പിച്ചു. വിവരമറിഞ്ഞ് എത്തിയ ആളുകൾ വീട്ടിലേക്കു കയറാതെ വളപ്പിലും മറ്റുമായി നിന്നു. എന്റെ നിശ്ചലമായ കിടപ്പു കണ്ട് അമ്മയും സഹോദരങ്ങളുമെല്ലാം അലമുറയിട്ടു.

കണ്ണു തുറക്കാനോ സംസാരിക്കാനോ പറ്റുന്നില്ല. മരിച്ചിട്ടില്ലെന്നു പറയണമെന്നുണ്ട്. ശബ്ദം പൊങ്ങുന്നില്ല. മരിച്ചെന്നു കരുതി എല്ലാവരും കൂടി കൊണ്ടു പോയി സംസ്കരിച്ചാലോ എന്ന പേടി. അപ്പോഴാണ് കണ്ണിൽ മല്ലിവെള്ളമൊഴിക്കാൻ കുമാരനും സുധാകരനും വരുന്നത്. അവർ കണ്ണു തുറപ്പിച്ചു നോക്കി മരിച്ചിട്ടില്ലെന്നു പ്രഖ്യാപനം ചെയ്തു. മൂന്നര മാസമാണ് ആ കിടപ്പു കിടന്നത്. ആയുർവേദവും ഹോമിയോയും തുണച്ചതിനാൽ രക്ഷപ്പെടുകയായിരുന്നു.

കോവിഡ് 19 എന്നെ ഓർമപ്പെടുത്തുന്നത് ആ പഴയ പേടിപ്പെടുത്തുന്ന കാലമാണ്. കഴിഞ്ഞ 20 മുതൽ വീട്ടിലിരിപ്പാണ്. പുസ്തകങ്ങളും പത്രങ്ങളും വായിക്കുന്നു, എഴുതുന്നു, ടിവി കാണുന്നു കുടുംബവുമൊത്തു കഥ പറയുന്നു. പാർട്ടിക്കാരുടെയും ജനങ്ങളുടെയും ഫോണിലൂടെയുള്ള ആവലാതികൾ ഫോൺ വഴി തന്നെ പരിഹരിച്ചു കൊടുക്കാൻ ഇടപെടുന്നു. ഭാര്യ രത്നവല്ലി, മകൻ രാഗേഷ്, മരുമകൾ ഷിബി, പേരമക്കളായ അഭയ്, പേരിട്ടിട്ടില്ലാത്ത ആറു മാസ പ്രായക്കാരൻ എന്നിവരാണു വീട്ടിലുള്ളത്. കൊച്ചു കുഞ്ഞിന് അപ്പൂപ്പനെ മതി ഇപ്പോൾ.