അമ്മയ്ക്കെതിരെ പരാതിയുമായി അച്ഛൻ വക്കീലിനരികെ മകൾ ; 'വർക്ക് ഫ്രം ഹോം' കാഴ്ച

കോറോണക്കാലം വീടുകളിൽ തന്നെ ചിലവഴിക്കേണ്ടി വരുന്ന കുഞ്ഞുമക്കളെ എങ്ങനെ എന്‍കേജ്ഡ് ആക്കാം എന്ന് തലപുകഞ്ഞ് ആലോചിക്കുകയാണ് ഒാരോ രക്ഷകർത്താവും. വീടിനുള്ളിൽ തന്നെയിരുന്ന് ആകെ ബോറടിച്ചിരിക്കുന്ന മക്കൾക്കും മാതാപിതാക്കള്‍ക്കും ഈ കൊച്ചുമിടുക്കിയുടെ രസകരമായ വിഡിയോ കാണാം. കോവിഡ് 19 മൂലം മിക്ക കമ്പനികളും ജോലിക്കാർക്ക് വീട്ടിലിരുന്ന് ജോലിചെയ്യാനുള്ള അവസരം ഒരുക്കി കൊടുത്തിരിക്കുകയാണ്. അപ്പോള്‍ വക്കീലന്മാരുടെ കാര്യമെങ്ങനെയാകും? അവർക്കും വർക്ക് ഫ്രം ഹോം സാധിക്കുമോ? ഇത്തരം കുറുമ്പത്തികൾ വീട്ടിലുണ്ടെങ്കിൽ തങ്ങൾക്കും വർക്ക് ഫ്രം ഹോം നടക്കുമെന്നാണ് ശ്രീവൽസകൃഷ്ണൻ പി കെ എന്ന വക്കീല്‍ പറയുന്നത്.

അമ്മയ്ക്കെതിരെ നാല് കേസുമായി അച്ഛൻ വക്കീലിന്റെ അടുത്തെത്തിയിരിക്കുകയാണ് ഈ കുറുമ്പത്തി. വക്കീൽ ആവശ്യപ്പെട്ടതനുസരിച്ച് വക്കാലത്തിലും ഒപ്പിട്ടുകൊടുക്കുകയാണ് കുഞ്ഞാവ. ഒരു ഒപ്പിന് പകരം ചറപറാന്ന് ഒപ്പിടാനും വക്കാലത്തിൽ എഴുതാനും ശ്രമിക്കുന്നുണ്ട് കക്ഷി. വക്കീൽഫീസ് ചോദിക്കുമ്പോൾ അച്ഛൻ വക്കീലിന്റെ കാശ് തന്നെയെടുത്തങ്ങ് കൊടുക്കുകയാണ് കുഞ്ഞാവ. നാല് കേസിനുമായി പതിനൊന്നു രൂപയാണ് ഫീസായി കൊടുക്കുന്നത്.

അച്ഛൻ വക്കീൽ പങ്കുവച്ചിരിക്കുന്ന രസകരമായ ഈ വിഡിയോ സോഷ്യൽ ലോകത്ത് ചിരിപടർത്തുകയാണ്. ഏതായാലും ഈ കക്ഷിയോട് ഫീസ് വാങ്ങേണ്ടയെന്നായിരുന്നു എന്നാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്.

വിഡിയോ കാണാം