യാത്രക്കാരന് കോവിഡെന്ന് സംശയം; ജനൽവഴി എടുത്തുചാടി പൈലറ്റ്; വിഡിയോ

വിമാനത്തിലെ യാത്രക്കാരന് കൊറോണ വൈറസ് ബാധയുണ്ടെന്ന സംശയത്തെ തുടർന്ന് കോക്പിറ്റിലെ ജനൽ വഴി പുറത്തുകടന്ന് പൈലറ്റ്. പുണെയിൽ നിന്ന് ഡൽഹിക്ക് പറന്ന എയർഎഷ്യാ വിമാനത്തിലാണ് സംഭവം. വിമാനത്തിന്റ ഒന്നാമത്തെ നിരയിലിരുന്ന യാത്രക്കാരനാണ് കോവിഡ് 19 രോഗിയാണ് എന്ന് സംശയം തോന്നിയത്.

ഇതേ തുടർന്ന് വിമാനത്താവളത്തിന്റെ ഒഴിഞ്ഞ മൂലയിൽ വിമാനം പാർക്ക് ചെയ്ത് രോഗി എന്ന് സംശയിക്കുന്ന ആളെ മുൻ വാതിൽ വഴിയും മറ്റു യാത്രക്കാരെ പിൻവാതിൽ വഴിയും പുറത്തിറക്കുകയായിരുന്നു. തുടർന്നാണ് കോക്പിറ്റിലെ ജനലിലൂടെ പൈലറ്റ് പുറത്തിറങ്ങിയത്. പിന്നീട് നടത്തിയ ടെസ്റ്റിൽ യാത്രക്കാരാണ് കോവിഡ് 19 ഇല്ലെന്ന് തെളിഞ്ഞു.

രോഗി എന്നു സംശയിക്കുന്ന യാത്രക്കാരൻ വിമാനത്തിന്റെ ആദ്യ നിര സീറ്റിലായിരുന്നതുകൊണ്ടാണ് പൈലറ്റ് അസാധാരണ മാർഗം സ്വീകരിച്ചതെന്നാണ് എയർഎഷ്യയുടെ ഇന്ത്യൻ ഘടകം അറിയിക്കുന്നത്. യാത്രക്കാരെയും ജീവനക്കാരെയും മുഴുവൻ ഇറക്കിയതിന് ശേഷം വിമാനം പൂർണമായും അണുനശീകരണം നടത്തിയെന്നും എയർഎഷ്യ അറിയിച്ചു.