ബോറടിയോ,എനിക്കോ?; പാട്ട്, പാചകം, വായന; ഈ അവധിക്കാലം നാടിനു വേണ്ടി

പാലക്കാട്: ഈ അവധിക്കാലം നാടിനു വേണ്ടിയാണെന്നു പറയുമ്പോൾ പ്രവാസിയായ നെല്ലായ മാവുന്തിരിക്കടവിലെ മുഹമ്മദ് ബഷീറിന് അഭിമാനം. ദുബായിൽനിന്നു മടങ്ങിയെത്തിയ ബഷീർ ഏകാന്തവാസത്തിലാണ്. ഇതു വീട്ടുകാരുടെയും നാട്ടുകാരുടെയും സുരക്ഷ ഉറപ്പുവരുത്താനാണ്. പുസ്തകം വായിച്ചും പാചകം ചെയ്തും വീട്ടുവളപ്പിലെ കൊച്ചുകുളത്തിൽ മത്സ്യക്കൃഷി നടത്തിയും ഈ ദിവസങ്ങൾ ആസ്വാദ്യകരമാക്കുന്നു. ദുബായിൽ ടൂറിസം കമ്പനിയിലെ ഡ്രൈവറായ ഇദ്ദേഹം 17നാണ് വിദേശത്തു നിന്നെത്തിയത്.

ദുബായിൽ കോവിഡ് രോഗം പടർന്നതോടെ കമ്പനി തൽക്കാലം പ്രവർത്തനം നിർത്തിയതിനാൽ നാട്ടിലേക്കു മടങ്ങി.വീട്ടിലെ ഒരു മുറിയിൽ മറ്റുള്ളവരുമായി ഇടപഴകാതെ താമസിക്കാനാണു തീരുമാനിച്ചതെങ്കിലും മൂന്നു വയസ്സുകാരൻ മകൻ തന്നെ നേരിൽ കണ്ടാൽ അടുത്തുനിന്നു മാറില്ലെന്ന് ഉറപ്പുള്ളതിനാൽ ഭാര്യയോടും രണ്ടു മക്കളോടും അവരുടെ വീട്ടിലേക്കു പോകാൻ നിർദേശിച്ചു. വിമാനം ഇറങ്ങിയ ഉടനെ ആരോഗ്യവകുപ്പിനെ വിവരം അറിയിച്ചു നിർദേശങ്ങളും തേടി.

ആദ്യ ദിനങ്ങളിൽ ബന്ധുക്കൾ ഭക്ഷണം എത്തിച്ചെങ്കിലും പഴയ പാചക വിരുതു പൊടിതട്ടിയെടുക്കാൻ തീരുമാനിച്ചു. വീടു വൃത്തിയാക്കൽ, പാട്ടു കേൾക്കൽ, മീനുകൾക്കു തീറ്റ നൽകൽ എന്നിങ്ങനെ ഇപ്പോൾ സമയം പോകാൻ ഒരു ബുദ്ധിമുട്ടുമില്ല. ‌ഇതിനിടെ ഭാര്യയെയും മക്കളെയും സുഹൃത്തുക്കളെയും വിഡിയോ കോൾ വഴി കാണുന്നു, സംസാരിക്കുന്നു.

പനിയോ മറ്റു രോഗ ലക്ഷണങ്ങളോ ഇല്ലെങ്കിലും വീട്ടിൽ കഴിയുന്ന തന്റെ മാതൃക തുടരണമെന്നും ഈ മാറി നിൽക്കൽ പിന്നീടു ഗുണമാകുമെന്നും പറയുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. ഇത് ഒരുപാടു പേർക്കു പ്രചോദനമായി. ഏകാന്തവാസം ഗുണമാണ്, നമുക്കും നാടിനും വീടിനും–ബഷീർ പറയുന്നു.