വൈറലായി പരിഭ്രാന്തി പരത്തിയ ആ പത്രക്കുറിപ്പ് ഇന്ത്യയുടേതല്ല; സത്യം ഇതാണ്

രാജ്യത്ത് യാത്രാവിലക്കേർപ്പെടുത്തിക്കൊണ്ട് പ്രധാനമന്ത്രിയുടെ ഓഫീസ് ഉത്തരവിറക്കി എന്ന തരത്തിൽ ഒരു സർക്കുലർ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാൽ ഇത് വ്യാജമാണെന്നും മലേഷ്യയിലെ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ സർക്കുലറാണ് ഇതെന്നും കണ്ടെത്തൽ. 

പ്രധാനമന്ത്രിയുടെ ഓഫീസ് ദേശീയ സുരക്ഷാ കൗൺസിലിന്റെ പ്രസ് റിലീസാണ് പ്രചരിച്ചത്. മാർച്ച് 18–ന് പുറപ്പെടുവിച്ച റിലീസിൽ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ പൗരന്മാർക്കെല്ലാവർക്കും യാത്രാവിലക്ക് ഏർപ്പെടുത്തിയിരിക്കുന്നു എന്നാണ് ഉള്ളടക്കം. മാർച്ച് 18 മുതൽ 31 വരെയാണ് വിലക്ക്. ജനങ്ങളോട് വീടുകളിൽ തന്നെ കഴിയണമെന്നും അത്യാവശ്യമെങ്കിൽ മാത്രം പുറത്തിറങ്ങിയാൽ മതിയെന്നും ഉത്തരവിൽ പറയുന്നു. സാമൂഹിക അകലം പാലിക്കാനും നിർദേശമുണ്ട്. ഈ റിലീസാണ് ഇന്ത്യയിലെ സോഷ്യൽ മീഡിയകളിൽ പ്രചരിച്ചത്. ഒപ്പുവയ്ക്കാത്ത റിലീസായതിനാൽ ഇത് ഇന്ത്യയിലെ തന്നെയാണെന്ന് പലരും വിശ്വസിച്ചു.

എന്നാൽ മലേഷ്യൻ പ്രധാനമന്ത്രി ഓഫീസിന്റെ ദേശീയ സുരക്ഷാ കൗൺസിലിന്റെ പ്രസ് റിലീസാണെന്നാണ് കണ്ടെത്തിയതെന്ന് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. പ്രസ് റിലീസിലെ അവസാന ഭാഗമാണ് സംശയനിവാരണത്തിന് കാരണമായത്. സിംഗപ്പൂർ, തായ്‍ലന്റ്, ബ്രൂണെയ്, ഇന്തൊനേഷ്യ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്ന മലേഷ്യക്കാർക്ക് രാജ്യത്ത് പ്രവേശിക്കാനാകില്ല എന്നാണ് പറഞ്ഞിരിക്കുന്നത്. മാത്രമല്ല നൽകിയിരിക്കുന്ന ഹെൽപ് ലൈൻ നമ്പരും മലേഷ്യയിലേതാണ്. മലേഷ്യയിലെ വിവിധ വാർത്ത മാധ്യമങ്ങൾ ഇത് പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. ഇതോടെയാണ് ഇത് ഇന്ത്യയുടേതല്ല മലേഷ്യയുടെ പ്രസ് റിലീസാണ് എന്ന് ഉറപ്പു വരുത്തിയത്.