ആസിഡ് ആക്രണത്തിന്റെ ഇര; ചെരുപ്പ് തുന്നി ജീവിതം; ഇനി സ്വന്തം വീട്ടിൽ; കുറിപ്പ്

തെരുവിന്റെ മകളായി വളർന്ന ലിസിക്ക് ഇനി സ്വന്തം വീട്ടിൽ ഉറങ്ങാം. നൻമ നിറഞ്ഞ ഒരു കൂട്ടം മനുഷ്യർ ചേർന്ന് വച്ചുകൊടുത്ത വീട്ടിലേക്ക് നിലവിളക്കുമായി ലിസി കയറി. കേരളം നെഞ്ചോട് ചേർത്തുവയ്ക്കുകയാണ് ഇൗ ചിത്രം. പേരാമ്പ്രയിലെ റോഡുവക്കിൽ ആസിഡ് ആക്രമണത്തിൽ പൊള്ളലേറ്റ മുഖവും, കഴുത്തുമായി ഇൗ യുവതി വർഷങ്ങളായി ഉണ്ട്. റോഡുവക്കിൽ ചെരുപ്പുതുന്നിയാണ് ഇവർ ജീവിച്ചിരുന്നത്. ആ പണത്തിൽ നിന്നും മിച്ചം പിടിച്ച് ജീവകാരുണ്യപ്രവർത്തനങ്ങളും ചെയ്ത് വന്ന ലിസിയെ ഒടുവിൽ നാട് തന്നെ ചേർത്ത് നിർത്തുകയാണ്.

കുറിപ്പ് വായിക്കാം: ‘ഇത് ലിസി. എന്റെ ചെറുപ്പകാലം മുതൽ തന്നെ പേരാമ്പ്രയിലെ റോഡുവക്കിൽ ആസിഡ് പൊള്ളലേറ്റ മുഖവും, കഴുത്തുമായി യുവതിയായിരുന്ന ഇവരെ കണ്ടിരുന്നു. രാജസ്ഥാനിൽ നിന്നും അമ്മാവനും മറ്റു ചില ബന്ധുക്കളും സ്വത്തു തർക്കത്തെ തുടർന്ന് ആസിഡ് കൊണ്ട് പൊള്ളിച്ചു, അവിടെ നിന്നും പൊള്ളിയ മുഖവുമായി ട്രെയിനിൽ കയറി കേരളത്തിലും, അവസാനം പേരാമ്പ്ര പട്ടണത്തിലും എത്തി. റോഡുവക്കിൽ ചെരുപ്പുതുന്നി ജീവിച്ചു.

പത്തു മുപ്പതു വർഷം റോഡുവക്കിൽ കിടന്നുറങ്ങിയപ്പോഴും താൻ ജോലി ചെയ്തു കിട്ടിയതിൽ നിന്നും അവർ സ്വയം ചാരിറ്റി പ്രവർത്തനം നടത്തി. അവസാനം പേരാമ്പ്ര ക്കാരിയായി മാറിയ ലിസിക്ക് സ്കൂൾ വിദ്യാർഥികളും പേരാമ്പ്രയിലെ പൊതു ജനവും ചേർന്ന് കുറച്ചു സ്ഥലം വാങ്ങി ഒരു വീട് വച്ചു കൊടുത്തു.