ജനുവരിയുടെ നഷ്ടം; പത്മരാജന്റെ ഓര്‍മകള്‍ക്ക് 29 വയസ്

മലയാളത്തിന്റെ എക്കാലത്തെയും ചലച്ചിത്ര പ്രതിഭ പി.പത്മരാജന്റെ ഓര്‍മകള്‍ക്ക് ഇന്ന് 29 വയസ്. സാഹിത്യവും സിനിമയും ഒരുപോലെ കൊണ്ടുനടന്ന ഈ സവ്യസാചിയുടെ ഓര്‍മകളിലാണ് അദ്ദേഹത്തിന്റെ ജന്മനാടായ മുതുകുളം. കഥകള്‍ പിറന്ന പൂമുഖത്തേക്ക് ഗന്ധര്‍വ സാന്നിധ്യംതേടി പത്മരാജന്റെ പ്രിയതമയുമെത്തി

മുതുകുളത്തെ ഞവരയ്ക്കല്‍ പറമ്പിന്റെ തെക്കുനിന്ന് ഒരുകാറ്റ് പതിയെ വീശി. ദേശബന്ധു വായനശാലയില്‍നിന്ന് അക്ഷരങ്ങള്‍ പറന്നു. വസന്തത്തിന്റെ അഭ്രജാലകം രാധാലക്ഷ്മിയുടെ കണ്ണുതുടച്ചുപറഞ്ഞു– ഞാന്‍ ഗന്ധര്‍വന്‍

കഥാകൃത്തില്‍നിന്ന് തിരക്കഥാകൃത്തിലേക്കും ചലച്ചിത്രസംവിധായകനിലേക്കുള്ള പത്മരാജന്റെ യാത്രയില്‍ അദ്ദേഹത്തിന്റെ പ്രിയതമയ്ക്ക് ഓര്‍ത്തെടുക്കാന്‍ ഒരുപാടുണ്ട്. 

ജനുവരിയുടെ നഷ്ടമാണ് പത്മരാജന്‍. എഴുതിയതൊന്നും പാഴായില്ലെന്ന് മാത്രമല്ല, അതില്‍പാതിയും മലയാളി മനസുകളില്‍ ചില്ലിട്ടുവച്ചവയാണ്

പതിനാറു വര്‍ഷത്തിനിടെ 36 തിരക്കഥകള്‍, പതിനെട്ട് സിനിമകളുടെ സംവിധായകന്‍. നാല്‍പ്പത്തിയാറാം വയസില്‍ മരിക്കുമ്പോള്‍ വാരികകളില്‍് തുടങ്ങിയ എഴുത്തിന്റെ വഴി സാഹിത്യഅക്കാദമിയുടെ പുരസ്കാരം വരെ സ്വന്തമാക്കി പ്രതിഭയുടെ പൂര്‍ണകുംഭമായി മാറിയിരുന്നു...രാധാലക്ഷ്മി പറയുന്നു...