സമ്മാനങ്ങള്‍ ഇഷ്ടമാകാത്ത ദാസേട്ടന്‍; 80ന്റെ പുണ്യത്തില്‍ പ്രഭ പറയുന്നത്: അഭിമുഖം

കാലം കെടുത്താത്ത സ്വരമാധുരിയുടെ ഗന്ധർവ്വന് ഇത്തവണയും പിറന്നാളാഘോഷം മൂകാംബിക സന്നിധിയിൽ തന്നെ. യേശുദാസിന്റെ അമ്മ മരിച്ച ശേഷം എല്ലാ പിറന്നാളാഘോഷവും മൂകാംബിക സന്നിധിയിലാണ്. കേരളക്കരയും സംഗീതലോകവും കൊണ്ടാടുന്ന പിറന്നാളെങ്കിലും ആഘോഷങ്ങളിൽ ഒട്ടും തൽപരനല്ല ദാസേട്ടനെന്ന് പറയുകയാണ് പ്രിയ പത്നി പ്രഭാ യേശുദാസ്. 

‘സദ്യയും കേക്ക് മുറിക്കലും ഒന്നും നടത്താറില്ല. പ്രാർത്ഥനാ നിരതനായി മൂകാംബിക അമ്മയ്ക്കൊപ്പം ചേരുക എന്നത് മാത്രമാണ് പ്രത്യേകത. ആളുകളുടെ സ്നേഹത്തിന് തിരിച്ച് തരാനുള്ളത് നന്ദി മാത്രം...’– അവര്‍ മനോരമ ന്യൂസ് ഡോട്ട്കോമിനോട് പറഞ്ഞു. 

ജനുവരി 10 വെള്ളിയാഴ്ച്ചയാണ് ഗന്ധർവ്വന് 80 വയസ്സ് പൂർത്തിയാവുന്നത്. കുടുംബാംഗങ്ങളെല്ലാം ഒന്നിച്ച് കൂടും എന്നതാണ് ഏറ്റവും വലിയ സന്തോഷം. ദാസേട്ടന് പ്രഭചേച്ചിയുടെ വക പിറന്നാൾ സമ്മാനമെന്തെന്ന ചോദ്യത്തിന് ആഘോഷങ്ങൾ മാത്രമല്ല സമ്മാനങ്ങളും സ്വീകരിക്കാൻ ഇഷ്ടമല്ലെന്നായിരുന്നു മറുപടി. ഗാന ഗന്ധർവ്വന്റെ ഏത് പാട്ടാണ് ഏറ്റവും പ്രിയമെന്ന് ചോദിച്ചപ്പോൾ കുട്ടികളിലാരെയാണ് കൂടുതലിഷ്ടം എന്ന ചോദ്യത്തിന് മറുപടി പറയാൻ പറ്റില്ലല്ലോ എന്നായിരുന്നു മറുചോദ്യം.

പ്രായം കൂടുംതോറും കാലം സ്ഫുടം ചെയ്തെടുക്കുന്ന ശബ്ദ സൗകുമാര്യം കെടാതെ സൂക്ഷിക്കുന്ന കാര്യത്തിൽ ഏറെ കണിശതയുണ്ട് ഗന്ധർവ്വന്. സ്വന്തം സ്വരമാധുരി നഷ്ടപ്പെടുന്ന ഭക്ഷണമോ പാനീയങ്ങളോ ഉപയോഗിക്കില്ല. ചെറുപ്രായത്തിൽ സംഗീതത്തിനായി നൽകിയ സമർപ്പണം ഈ എൺപതാംവയസ്സിലും തുടരുന്നു. ഓരോ കാര്യത്തിലുമുള്ള ചിട്ടയും അച്ചടക്കവും കണിശതകളും ഏതൊരു പാട്ടുകാരനും മാതൃകയാവുന്നതാണ്. മലയാളി കേട്ട പാട്ടാണ് ഗാന ഗന്ധർവ്വന്റെ വയസ്സ്. കൂടുന്ന പ്രായത്തിനൊപ്പം ഏറുന്ന സ്വരമാധുരി. അതാണ് കട്ടാശേരി ജോസഫ് യേശുദാസ് എന്ന കെ ജെ യേശുദാസ്. 

1940ൽ ഫോർട്ട്കൊച്ചിയിൽ സംഗീതജ്ഞനും നാടക നടനുമായ അഗസ്റ്റിൻ ജോസഫിന്റെയും എലിസബത്തിന്റെയും മകനായി ജനനം. സംഗീതത്തിലേക്ക് പിടിച്ചുകയറ്റിയത് അച്ഛൻ അഗസ്റ്റിനായിരുന്നു. 1961ൽ ‘കാൽപ്പാടുകൾ’ എന്ന ചിത്രത്തിന് വേണ്ടി ‘ജാതിഭേദം മതദ്വേഷം’ എന്ന പാട്ടുപാടി ചലച്ചിത്രലോകത്ത് ഹരിശ്രീ കുറിച്ചു. മികച്ച പിന്നണി ഗായകനുള്ള ദേശീയ പുരസ്കാരം ഏറ്റവും കൂടുതൽ തവണ നേടിയ യേശുദാസ് പത്മവിഭൂഷൺ, പത്മഭൂഷൺ, പത്മശ്രീ ഉൾപ്പെടെയുളള ആദരങ്ങളും ഏറ്റുവാങ്ങിയിട്ടുണ്ട്.