ഒന്നര വയസിൽ അവൾക്ക് മൈക്ക് നീട്ടി ജാനകിയമ്മ; ഇന്ന് സംഗീതത്തിന്റെ ‘വേദ’ താരം; വിഡിയോ

ക്രിസ്മസ് നക്ഷത്രങ്ങൾ വലിയ ആഘോഷമായി എങ്ങും ഉദിക്കുമ്പോൾ സംഗീതത്തിന്റെ നിശബ്ദ നക്ഷത്രമാവുകയാണ് വേദ പ്രകാശ് എന്ന പന്ത്രണ്ടാം ക്ലാസുകാരി. ഗസലിന്റെ ഇമ്പത്തോടെ ‘നക്ഷത്ര മൗനങ്ങൾ മിഴി ചിമ്മി മറയുന്ന വാനിൽ..’ എന്നാരംഭിക്കുന്ന ഗാനം ഇതിനോടകം സംഗീതപ്രേമികളുടെ മനസ് കീഴടക്കുകയാണ്. ക്രിസ്മസ് ഗാനങ്ങളും ആൽബങ്ങളും വ്യത്യസ്ഥത പുലർത്താൻ ശ്രമിക്കുമ്പോൾ മനം മയക്കുന്ന ഗസൽ ശൈലിയിലാണ് ‘സൈലന്റ് സ്റ്റാർ’ എന്ന ഗാനം ഒരുക്കിയിരിക്കുന്നത്. ഒന്നരവയസിൽ എസ്. ജാനകിയമ്മ വച്ചുനീട്ടിയ മൈക്കിന് മുന്നിലാണ് എന്റെ തുടക്കം എന്ന് ഇൗ ക്രിസ്മസ് ദിനത്തിൽ അഭിമാനം തൊട്ട് വേദ പറയുന്നു. 

പ്രമുഖ കീബോർഡിസ്റ്റായ പ്രകാശ് ഉള്ളിയേരിയുടെ മകളാണ് വേദ. അച്ഛന്റെ സംഗീത സംവിധാനത്തിൽ മകൾ പാടി  എന്നതും ഇൗ പാട്ടിന്റെ പ്രത്യേകതയാണ്. ‘അവൾക്ക് ഒന്നരവയസുള്ളപ്പോൾ അമ്മ ജിതയ്ക്കൊപ്പം ഒരു പരിപാടിയിൽ പോയി. ജാനകിയമ്മയും വേദിയിലുണ്ടായിരുന്നു. അമ്മയുടെ മടിയിലിരുന്നു അവൾ മൂളുന്നത് ജാനകിയമ്മ ശ്രദ്ധിച്ചിരുന്നു. അപ്പോഴാണ് മൈക്ക് എടുത്ത് ജാനകിയമ്മ തന്നെ അവൾക്ക് നേരെ നീട്ടുന്നത്. അന്നുമുതൽ ഇന്നുവരെ സംഗീതമാണ് ജീവിതം. പഠനത്തിനൊപ്പമോ അതിനുമുകളിലോ അവളെ സംഗീതം പഠിപ്പിക്കുന്നുണ്ട്. സിനിമയിൽ പാടിയിട്ടില്ല ഇതുവരെ. പുതിയ പരീക്ഷണങ്ങളും സംഗീതത്തെ കുറിച്ച് എത്ര പഠിക്കണോ അത്ര പഠിക്കണം എന്ന ആഗ്രഹം മാത്രമാണ് ഞങ്ങൾക്കുള്ളത്. ഇൗ ഗാനം അത്തരത്തിലൊന്നാണ്.’ പ്രകാശ് ഉള്ളിയേരി പറയുന്നു.

ഇക്കഴിഞ്ഞ സംസ്ഥാന കലോൽസവത്തിൽ ഗസലിന് ഒന്നാം സ്ഥാനം വേദ നേടിയിരുന്നു. ഹരിഹരന്റെ ശിഷ്യ കൂടിയാണ് ഇൗ പെൺകുട്ടി. സൈലന്റ് സ്റ്റാറിന് പിന്നാലെ തന്റെ പ്രിയ ഗുരുവിന് ആദരമർപ്പിച്ച് ഒരുക്കുന്ന പുതിയ ഗാനത്തിന്റെ അണിയറയിലാണ് വേദ ഇപ്പോൾ. 

തത്വവ മ്യൂസിക്കിന്റെ ബാനറിൽ പ്രകാശ് ഉള്ളിയേരി സംഗീതം നൽകിയിരിക്കുന്ന ഇൗ ഗാനം രചിച്ചത് വിനു ജോസഫാണ്. സുമേഷ് പരമേശ്വർ ആണ് ഗിറ്റാർ ചെയ്തിരിക്കുന്നത്. ശങ്കർ മഹാദേവൻ, ഹരിഹരൻ, ശിവമണി, മട്ടന്നൂർ ശങ്കരൻകുട്ടി, തുടങ്ങി ഒട്ടേറെ പ്രതിഭകൾക്കൊപ്പം സംഗീതപരിപാടി അവതരിപ്പിക്കാൻ വേദയ്ക്ക് ഇതിനോടകം കഴിഞ്ഞിട്ടുണ്ട്.