ഓട്ടോറിക്ഷകൾക്കു ‘ഫോറിൻ’ ടെസ്റ്റ്; വിദേശികളെ രംഗത്തിറക്കി മോട്ടോർ വാഹന വകുപ്പ്

ഫോർട്ട്കൊച്ചി: വിദേശികളോടുള്ള ഓട്ടോറിക്ഷാ ഡ്രൈവർമാരുടെ പെരുമാറ്റം പരിശോധിക്കാൻ വിദേശികളെ രംഗത്തിറക്കി മോട്ടോർ വാഹന വകുപ്പിന്റെ പരിശോധന. അതോടൊപ്പം ഓട്ടോകളിൽ വന്നിറങ്ങുന്ന വിനോദ സഞ്ചാരികളോടും അഭിപ്രായങ്ങൾ തേടി. നെതർലൻഡ്സുകാരായ വിനോദ സഞ്ചാരികൾ കൊച്ചിയിലെ ഓട്ടോ ഡ്രൈവർമാരുടെ പെരുമാറ്റത്തെപ്പറ്റി മോശമായ അഭിപ്രായം ഇ മെയിലിലൂടെ പങ്കുവച്ചതു സംബന്ധിച്ച് മുഖ്യമന്ത്രി പൊലീസിന്റെ റിപ്പോർട്ട് തേടിയതിനെ തുടർന്നാണു മോട്ടോർ വാഹന വകുപ്പ് അധികൃതർ രംഗത്തിറങ്ങിയത്.

ഫോർട്ട്കൊച്ചി വെളി, ബീച്ച്, സെന്റ് ഫ്രാൻസിസ് പള്ളി തുടങ്ങിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. യുകെ, യുഎസ്എ, ഇസ്രയേൽ, ജപ്പാൻ തുടങ്ങി വിവിധ സ്ഥലങ്ങളിൽ നിന്നൊക്കെ കൊച്ചി കാണാൻ എത്തിയവരോട് അഭിപ്രായം ചോദിച്ചു. രാത്രി എത്ര മണി വരെ ഇവിടെ സുരക്ഷിതമായി നടക്കാം എന്നായിരുന്നു യുകെ സ്വദേശിനിയായ യുവതിയുടെ ചോദ്യമെന്ന് എംവിഐ എ.ആർ. രാജേഷ് പറഞ്ഞു. തങ്ങളുടെ നാട്ടിലൊക്കെ പാതിരാത്രിയിലും സുരക്ഷിതമായി ഇറങ്ങി നടക്കാമെന്ന് അവർ പറഞ്ഞു. 

ഒറ്റയ്ക്ക് ഓട്ടോയിൽ വന്നിറങ്ങിയ ജർമൻകാരി അന്നയ്ക്ക് ഓട്ടോ ഡ്രൈവറെക്കുറിച്ചു പരാതിയൊന്നും ഇല്ലായിരുന്നു. 

യുകെ സ്വദേശികളായ ക്രിസ്, ജാന എന്നിവർക്കും നല്ല അഭിപ്രായം.  ഓട്ടോ സ്റ്റാൻഡിൽനിന്നു യാത്രക്കാരെന്ന വിധത്തിൽ കയറിയ വിദേശ വിനോദ സഞ്ചാരികളുടെ പിറകെ മറ്റൊരു ഓട്ടോയിൽ സാധാരണ വേഷത്തിൽ എഎംവിഎ വി.വി. വിനീത് പിന്തുടർന്നു. യാത്രയിൽ അമിത ചാർജ് വാങ്ങിയോ എന്നു പരിശോധിച്ചു. ഡ്രൈവറുടെ പെരുമാറ്റത്തെക്കുറിച്ചും ടൂറിസ്റ്റുകളുടെ അഭിപ്രായം തേടി. അമിത ചാർജ് ഈടാക്കാതിരുന്ന ഡ്രൈവർമാരെ അനുമോദിച്ചു. അൽപം ചാർജ് കൂട്ടി വാങ്ങിയവരെ താക്കീതു നൽകി വിട്ടയച്ചു.

അമിത ചാർജ് വാങ്ങിയാൽ പെർമിറ്റ് റദ്ദാക്കുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്ന് ജോ. ആർടിഒ ജെബി ഐ ചെറിയാൻ അറിയിച്ചു. പരിശോധന കണ്ട് അടുത്തുകൂടിയ ഓട്ടോ ഡ്രൈവർമാർക്കു മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ നിർദേശങ്ങൾ നൽകി.  ഡ്രൈവർ കം ഗൈഡുമാരായി പ്രവർത്തിക്കുന്ന യുവാക്കളാണു പലപ്പോഴും പ്രശ്നങ്ങളുണ്ടാക്കുന്നതെന്നു പരിശോധനയിൽ മനസ്സിലായതായി ഉദ്യോഗസ്ഥർ പറഞ്ഞു. എഎംവിഐമാരായ കെ. സന്തോഷ്കുമാർ, പി.കെ. സുലൈമാൻ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.