പ്രണയം നിരസിച്ചതിന് ആത്മഹത്യയ്ക്ക് ശ്രമം; കാമുകിയെ ഐസിയുവിൽ താലികെട്ടി; മുങ്ങി

പ്രണയം നിരസിച്ചതിന്റെ പേരിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച കാമുകിയെ ഐസിയുവിൽവച്ച് താലികെട്ടിയ ശേഷം മുങ്ങി. പൂനൈയിലാണ് സിനിമയെവെല്ലുന്ന സംഭവം. സൂരജ് നലവേദ എന്ന യുവാവാണ് ഐസിയുവിൽവെച്ച് രക്ഷപെടാനായി വിവാഹം കഴിച്ച ശേഷം മുങ്ങിയത്. ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്.

സൂരജും യുവതിയുമായി പ്രണയത്തിലായിരുന്നു. വിവാഹം കഴിക്കാമെന്ന് ഇയാൾ വാഗ്ദാനവും നൽകിയിരുന്നു. എന്നാൽ ലൈംഗികബന്ധത്തിൽ ഏർപ്പെട്ട ശേഷം യുവാവ് ഒഴിവാക്കിയെന്നാണ് യുവതിയുടെ പരാതി. വിവാഹഭ്യർഥന സൂരജ് നിരസിച്ചതോടെയാണ്  യുവതി വിഷം കഴിച്ചത്. ആത്മഹത്യാശ്രമത്തെതുടർന്ന് ഗുരുതരാവസ്ഥയിലായ യുവതിയെ ഐസിയുവിൽ പ്രവേശിപ്പിക്കുകയായിരുന്നു. 

ഇതേ തുടർന്ന് ആശുപത്രിയിൽ എത്തിയ സൂരജ് അവിടെവച്ചുതന്നെ വിവാഹം കഴിക്കാൻ സമ്മതമാണെന്ന് അറിയിച്ചതോടെ ഐസിയു വിവാഹവേദിയായി. എന്നാൽ വിവാഹം കഴിഞ്ഞതോടെ ഇയാൾ ആരും അറിയാതെ മുങ്ങുകയായിരുന്നു. സൂരജിനെതിരെ പീഡനക്കേസാണ് ചുമത്തിയിരിക്കുന്നത്.