കസേര കിട്ടാതെ ശ്രീകണ്ഠന്‍; കോണ്‍ഗ്രസ് വേദിയില്‍ ഒരു എംപിക്ക് സംഭവിച്ചത്: വിഡിയോ

കസേര എല്ലാ കാലത്തും കോണ്‍ഗ്രസില്‍ ഒരു പ്രശ്നമാണ്. എംഎല്‍എ കസേരയ്ക്കു വേണ്ടി പൊരിഞ്ഞ പോരാട്ടം നടക്കുന്ന എറണാകുളത്തെ കോണ്‍ഗ്രസുകാര്‍ക്കിടയിലും കഴിഞ്ഞ ദിവസം ഒരു കസേര കളി നടന്നു. എ.കെ.ആന്‍റണിയുടെ പ്രചാരണ യോഗത്തില്‍ നടന്ന കസേര കളിയ്ക്കൊടുവില്‍ ഇരിപ്പിടം കിട്ടാതെ പോയത് പ്രചാരണത്തിനായി പാലക്കാട്ടു നിന്നു വന്ന വി.കെ.ശ്രീകണ്ഠന്‍ എംപിക്കാണ്. 

ദേശീയ നേതാവിനൊപ്പം ഫ്രയിം പിടിക്കാന്‍ വലിപ്പ ചെറുപ്പ വ്യത്യാസമില്ലാതെ പ്രാദേശിക നേതാക്കള്‍ സ്റ്റേജ് കയറിയതോടെ പെരുമാനൂരിലെ യുഡിഎഫ് വേദി ഇങ്ങനെ നിറഞ്ഞിരുന്നു. വേദിയിലേക്കൊന്നു കയറാന്‍ പലകുറി ശ്രമിച്ചു ലോക്സഭ തിരഞ്ഞെടുപ്പിലെ അട്ടിമറി വിജയത്തോടെ കോണ്‍ഗ്രസുകാരുടെ ഹീറോ ആയി മാറിയ വി.കെ.ശ്രീകണ്ഠന്‍. കണ്ട ഭാവം നടച്ചില്ല വേദിയിലുണ്ടായിരുന്നവരാരും. ഇതോടെ ഊഴം കാത്ത് ഏറെ നേരം വേദിയുടെ മുകളില്‍ തന്നെ നിന്നു പാലക്കാടിന്‍റെ എംപി.

കസേര കിട്ടില്ലെന്നുറപ്പായതോടെ ശ്രീകണ്ഠന്‍ സദസിലേക്കു പോയി പ്രവര്‍ത്തകര്‍ക്കിടയില്‍ നില്‍പ്പുറപ്പിച്ചു. ഇതിനിടെ പാര്‍ലമെന്‍റിലെ സഹപ്രവര്‍ത്തകന്‍ ഹൈബിയെത്തി. ശ്രീകണ്ഠന് കൂട്ടായി  ഹൈബിയും സദസില്‍ തന്നെ നിന്നു. പക്ഷേ അപ്പോഴേക്കും ഹൈബിക്ക്  സാക്ഷാല്‍ ആന്‍റണിയുടെ വിളിയെത്തി.  

പാലക്കാട്ടു നിന്ന് തന്‍റെ മണ്ഡലത്തില്‍ പ്രചാരണത്തിനെത്തിയ കൂട്ടുകാരനെ സദസില്‍ തന്നെ നിര്‍ത്തി ഹൈബിയും സ്റ്റേജ് കയറി. ശ്രീകണ്ഠന്‍ വീണ്ടും പ്രവര്‍ത്തകര്‍ക്കൊപ്പം.  

പിന്നെയും പത്തു മിനിറ്റ് നേരം സദസില്‍ നില്‍പ്പു തുടര്‍ന്ന ശ്രീകണ്ഠന്‍ ആന്‍റണി പ്രസംഗം അവസാനിപ്പിക്കുന്നതിന് തൊട്ടുമുമ്പ് സ്റ്റേജില്‍ നിന്നിറങ്ങിയ ഹൈബിക്കൊപ്പം മടങ്ങി. കസേര കിട്ടാതിരുന്നതിന്‍റെ പരിഭവമൊന്നും പ്രകടിപ്പിക്കാതെ.