കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പ് പൂര്‍ത്തിയായി; ജയപ്രതീക്ഷയിൽ സ്ഥാനാർഥികൾ

Madhusudan Mistry shows the empty ballot box before the start of voting for the party's Presidential election at AICC headquarters,

കോൺഗ്രസ് അധ്യക്ഷനെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് പൂര്‍ത്തിയായി. ദേശീയതലത്തില്‍ 68 ബൂത്തുകളിലായാണ് വോട്ടെടുപ്പ് നടന്നത്. സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഡല്‍ഹിയിലെ എ.ഐ.സി.സി ആസ്ഥാനത്തും  രാഹുല്‍ഗാന്ധി ഭാരത് ജോഡോ ബൂത്തിലും വോട്ട് രേഖപ്പെടുത്തി.  സ്ഥാനാര്‍ഥികളായ മല്ലികാര്‍ജുന്‍ ഖര്‍ഗെയും ശശി തരൂരും വിജയപ്രതീക്ഷ പങ്കുവച്ചു. ബുധനാഴ്ചയാണ് വോട്ടെണ്ണല്‍

മൽസരം വ്യക്തിപരമായ നേട്ടത്തിനല്ലെന്നും പാർട്ടിക്ക് വേണ്ടിയാണെന്നും ശശി തരൂർ പ്രതികരിച്ചു. ഇന്ദിരാഭവനിലെത്തി വോട്ടുചെയ്ത തരൂര്‍ വിജയപ്രതീക്ഷ പങ്കുവച്ചു. ബിജെപിയും സിപിഎമ്മും ഈ ജനാധിപത്യപ്രക്രിയ കണ്ടുപഠിക്കട്ടെയെന്ന് മുതിർന്ന നേതാവ് എ.കെ.ആന്റണി പറഞ്ഞു. മൽസരത്തിൽനിന്ന് ശശി തരൂർ പിന്മാറണമായിരുന്നുവെന്ന് പറഞ്ഞ് കൊടിക്കുന്നിൽ സുരേഷ് വോട്ടെടുപ്പ് ദിവസവും വിമർശനം കടുപ്പിച്ചു.

സ്വന്തം രാഷ്ട്രീയ തട്ടകമായ തിരുവനന്തപുരത്ത് തന്നെ വോട്ട് ചെയ്ത് വിജയപ്രതീക്ഷ പങ്കുവച്ച് വോട്ടെടുപ്പ് ദിനത്തിലും തരൂർ ആത്മവിശ്വാസം ഉയർത്തിപ്പിടിച്ചു. തിരഞ്ഞെടുപ്പ് അനായാസമായിരിക്കില്ലെന്ന മുന്നറിയിപ്പും നൽകി തരൂർ. പഴവങ്ങാടി ഗണപതി ക്ഷേത്രത്തിൽ സന്ദർശനം നടത്തിയാണ് തരൂർ വോട്ട് ചെയ്യാൻ എത്തിയത്. ആദ്യ വോട്ട് രേഖപ്പെടുത്തിയത് തരൂരിന്റെ നാമനിർദേശ പത്രികയിൽ ഒപ്പിട്ട തമ്പാനൂർ രവിയാണെന്നതും ശ്രദ്ധേയമായി. ആവേശപൂർവമാണ് കേരളത്തിലെ നേതാക്കളും പ്രവർത്തകരും പുതിയ നായകനെ തിരഞ്ഞെടുക്കാൻ ഇന്ദിരാഭവനിൽ എത്തിയത്.

ഈ വിധത്തിലുള്ള ആഭ്യന്തര ജനാധിപത്യം മറ്റാർക്കെങ്കിലും അവകാശപ്പെടാൻ കഴിയുമോയെന്ന് ആന്റണി ചോദിച്ചു. വോട്ടെടുപ്പ് ദിവസവും തരൂരിനോടുള്ള എതിർപ്പ് കൊടിക്കുന്നിൽ മറച്ചുവച്ചില്ല. വോട്ട് ഖാർഗെയ്ക്ക് എന്ന് കെ.മുരളീധരൻ പറഞ്ഞു. 

ജോഡോ യാത്രയ്ക്കിടെ വീണ് പരുക്കേറ്റ കെ.ടി.തുളസി ഭർത്താവും എംപിയുമായ വി.കെ.ശ്രീകണ്ഠനൊപ്പം വീൽചെയറിൽ വോട്ടു ചെയ്യാനെത്തി. വിദേശത്തുള്ള വി.എം.സുധീരന് വോട്ട് ചെയ്യാനായില്ല. ബലാൽസംഗക്കേസിൽ ഒളിവിൽ കഴിയുന്ന എൽദോസ് കുന്നപ്പിള്ളി വോട്ടു ചെയ്യാനെത്താത്തതും ചർച്ചയായി. വോട്ടെടുപ്പ് ദിവസവും നേതാക്കൾ പക്ഷം പിടിച്ചപ്പോൾ വി.ടി.ബൽറാം ഉൾപ്പെടെ യുവനിര തരൂരിനൊപ്പമെന്ന് പരോക്ഷമായി സൂചിപ്പിച്ചു.

വോട്ടുകൾ ഒരുമിച്ച് എണ്ണുന്നത് കൊണ്ടുതന്നെ കേരളത്തിൽ തരുരിന് എത്ര വോട്ട് കിട്ടിയെന്ന് പറയാനാവില്ല. ഗ്രൂപ്പുകളുടെയും നേതൃത്വത്തിന്റെയും എതിർപ്പുകൾക്കിടയിലും കേരളത്തിലെ താഴെത്തട്ടിൽ അനുകൂലമായ ചലനമുണ്ടാക്കാൻ കഴിഞ്ഞെന്നാണ് തരൂർ വാദികളുടെ വിശ്വാസം.

Congress Presidential Election: Voting ends