വീട്ടിലേക്കെന്ന് പറഞ്ഞു പോയി; ബസിന് മുന്നിൽ കിടന്ന് പ്രതിഷേധിച്ചു; സസ്പെൻഷൻ

കെഎസ്ആർടിസിയിൽ ശമ്പളവിതരണം വൈകിയതിൽ പ്രതിഷേധിച്ചു പൂവാർ ഡിപ്പോയിൽ ബസിനു മുന്നിൽ കിടന്നു പ്രതിഷേധിച്ച മെക്കാനിക്കൽ വിഭാഗം ജീവനക്കാരനു സസ്പെൻഷൻ. മെക്കാനിക് ആർ.എസ്. ഫെലിക്സിനെയാണ് പൂവാർ അസി. ട്രാൻസ്പോർട്ട് ഓഫിസർ സസ്പെൻഡ് ചെയ്തത്. കലക്‌ഷൻ തുകയുമായി ബാങ്കിലേക്കു തിരിച്ച ബസിനെയാണു ജീവനക്കാരൻ 11 മ‌ണിയോടെ തടഞ്ഞത്.

സഹപ്രവർത്തകർ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും പിന്മാറിയില്ലെന്നും പൊലീസ് ബലപ്രയോഗത്തിലൂടെയാണു ഫെലിക്സിനെ മാറ്റിയതെന്നും അധികൃതർ പറഞ്ഞു. 9 മുതൽ വൈകിട്ട് 5 വരെ ഡ്യൂട്ടി ഉണ്ടായിരുന്ന മെക്കാനിക്, വീട്ടിലെ അത്യാവശ്യ കാര്യത്തിനെന്നു രേഖാമൂലം അപേക്ഷ നൽകിയാണു പുറത്തുപോയത്. ഗുരുതര കൃത്യവിലോപമായതിനാലാണ് അച്ചടക്കനടപടിയെന്നും അധികൃതർ വ്യക്തമാക്കി.

രാവിലെ   ഇതേ ബസിനു മുന്നിൽ ഡ്യൂട്ടിയിലല്ലാത്ത മെക്കാനിക്കൽ വിഭാഗത്തിലെ സുരേഷ് കുമാറെന്ന ജീവനക്കാരൻ പ്രതിഷേധ സൂചകമായി കിടന്നിരുന്നു. എടിഒക്കു മുന്നിൽ ശമ്പളം കിട്ടാത്തതിന്റെ പരാധീനതയും ബുദ്ധിമുട്ടും ജീവനക്കാരൻ നിരത്തി. വിവരമറിഞ്ഞ് പൂവാർ പൊലീസ് എത്തിയപ്പോൾ സുരേഷ് പിന്മാറി. തുടർന്നാണ് ഡ്യൂട്ടിയിലായിരുന്ന മെക്കാനിക്കൽ വിഭാഗത്തിലെ ഫെലിക്സ് ഇതേ രീതിയിൽ പ്രതിഷേധിച്ചത്.