കടലിനടിയിൽ നിന്നും കപ്പൽ കണ്ടെത്തി; നിറയെ സ്വർണനാണയങ്ങൾ; കോടികളുടെ മൂല്യം

നൂറ്റാണ്ടുകൾക്ക് മുൻപ് കടലിൽ താണ കപ്പൽ നിറയെ സ്വർണനാണയങ്ങൾ. കോടികൾ വിലവരുന്ന അമ്പരപ്പിക്കുന്ന നിധി ശേഖരണമാണ് യുഎസിലെ സൗത്ത് കാരലൈന കടലിലെ ഒരു ഭാഗത്ത് നിന്നും പര്യവേക്ഷകർ കണ്ടെത്തിയത്. കടലിൽ ഏകദേശം 60–80 അടി ആഴത്തിലാണ് കപ്പൽ കണ്ടെത്തിയത്.  1840ൽ മറ്റൊരു കപ്പലുമായി കൂട്ടിയിടിച്ച് മുങ്ങിയ ചരക്കുകപ്പലിൽ നിന്നാണ് സ്വർണനാണയങ്ങളുടെ നിധി ശേഖരം കണ്ടെത്തിയത്. 

അന്ന് അപകടത്തിൽ കപ്പലിലുണ്ടായിരുന്നവരെയെല്ലാം രക്ഷപ്പെടുത്തിയിരുന്നു. എന്നാൽ കപ്പലിലെ ചരക്കുകൾ എല്ലാം പൂർണമായും കടലിൽ താണു. അക്കൂട്ടത്തിൽ യുഎസ് സർക്കാർ ഔദ്യോഗികമായി നിർമിച്ചു വിതരണത്തിനെത്തിച്ച നാണയങ്ങളും ഉണ്ടായിരുന്നു. അത്തരത്തിലുള്ള നാണയങ്ങൾക്ക് ഇന്നത്തെ പുരാവസ്തുക്കളിൽ നിർണയിക്കാനാകാത്തത്ര മൂല്യമാണുള്ളത്. അതിനാലാണ് മറൈൽ ആര്‍ക്കിയോളജിസ്റ്റുകൾ ബ്ലൂ വാട്ടർ വെഞ്ച്വേഴ്സ് ഇന്റർനാഷനൽ എന്ന ഡൈവിങ് കമ്പനിയുമായി ചേർന്ന് എന്തുവില കൊടുത്തും കപ്പൽ കണ്ടെത്താൻ തീരുമാനിച്ചത്. 

ഇതുവരെ ആകെ മൂന്നു സ്വർണ നാണയങ്ങൾ കണ്ടെത്താൻ മാത്രമേ സാധിച്ചിട്ടുള്ളൂ. അഞ്ചു ഡോളറിന്റെയായിരുന്നു ആ നാണയങ്ങൾ. അതിൽ ഒരെണ്ണം 1836ലും രണ്ടെണ്ണം നിർമിച്ചത് 1838ലുമായിരുന്നു. മൂന്നു നാണയങ്ങളും യാതൊരു കുഴപ്പവുമില്ലാതെ സംരക്ഷിക്കപ്പെട്ട നിലയിലുമായിരുന്നു. നാണയങ്ങൾ കൂടാതെ പലതരം സ്ഫടിക വസ്തുക്കളും പാത്രങ്ങളും പിച്ചളയിൽ തീർത്ത കപ്പലിന്റെ ഭാഗങ്ങളുമെല്ലാം ഡൈവർമാർ കരയിലെത്തിച്ചു.