വിധിയെ പാട്ടിലാക്കി 'മുഴക്കുന്ന് സിസ്റ്റേഴ്സ്'; ഹൃദ്യം പാട്ട്: വൈറല്‍ വിഡിയോ

'അഞ്ജനക്കണ്ണെഴുതി....' നീട്ടിപ്പാടുകയാണ് ശാന്തയും ശാരദയും. ചുറ്റും ശ്രോതാക്കളായി കുറച്ച് നാട്ടുകാർ. പ്രായത്തേയും രോഗത്തേയും പാട്ടിലൂടെ തോൽപ്പിച്ച ഇരുവർക്കും പാടാൻ നാട്ടിലെവിടെയും വേദിയുണ്ട്. സന്ധിവാതത്തിൽ തളർന്നു പോയ ജീവിതമായിരുന്നു ശാരദയുടേത്. ചേച്ചി ശാന്തയ്ക്കാവട്ടെ അജ്ഞാതരോഗത്താൽ പല്ലുകളെല്ലാം നഷ്ടമായി. ചെറുപ്പം തൊട്ടേ പാട്ടിനോടായിരുന്നു കൂട്ട്. ശാന്തയുടെ ഇഷ്ടം കണ്ട് ശാരദയും പാട്ടിന്റെ വഴിയിലെത്തുകയായിരുന്നു. 

ജീവിത സാഹചര്യം മൂലം പാട്ട് ശാസ്ത്രീയമായി അഭ്യസിക്കാനായില്ല. എങ്കിലും നൂറുകണക്കിനു പാട്ടുകളുടെ ശ്രുതിയും വരിയും ഇരുവർക്കും കാണാപ്പാഠം. ഇതിനു പുറമെ ഭജൻസും ഭക്തിഗാനങ്ങളും നന്നായി പാടും. ക്ഷണം കിട്ടുന്ന ഏതു വേദിയിലും വയ്യായ്മകൾ മറന്ന് പാടാൻ ഓടിയെത്തും ശാന്തയും ശാരദയും. പഴശ്ശിരാജയുടെ സ്വന്തം നാടായ മുഴക്കുന്നിലെ പ്രശസ്തമായ ശ്രീ മൃദംഗശൈലേശ്വരി ക്ഷേത്ര പരിസരത്ത് കടുക്കാപ്പാലത്താണ് താമസം. അവിവാഹിതരാണ് ഇരുവരും. അവിവാഹിതരായ മറ്റ് രണ്ട് സഹോദരിമാരാണ് പാട്ടിന് പ്രോത്സാഹനവുമായി ഒപ്പമുള്ളത്.