ഷോർട്സ് ധരിച്ച പെൺകുട്ടിക്ക് പരസ്യമായി അധിക്ഷേപം; യുവാവിനെതിരെ രോഷം; കുറിപ്പ്

ബെംഗളുരുവിൽ ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന പെൺകുട്ടിയെ വസ്ത്രധാരണത്തിന്റെ പേരിൽ പരസ്യമായി അധിക്ഷേപിച്ച സംഭവത്തിൽ യുവാവിനെതിരെ സോഷ്യൽ മീഡിയയിൽ രോഷം. സുഹൃത്തിനൊപ്പം യാത്ര ചെയ്യുകയായിരുന്ന പെൺകുട്ടിയെ ബൈക്ക് നിർത്തിച്ച്, ഇത്തരം വസ്ത്രങ്ങൾ ധരിക്കരുതെന്ന് ആവശ്യപ്പെടുകയായിരുന്നു യുവാവ്. ഷോർട്സും ടോപ്പുമാണ് പെൺകുട്ടി ധരിച്ചിരുന്നത്. 

സംഭവത്തിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. സംഭവത്തിൽ യുവാവിനെതിരയും സമാന ചിന്താഗതിക്കാർക്കെതിരെയും രംഗത്തുവന്നിരിക്കുകയാണ് ഡോ. നെൽസൺ ജോസഫ്. എന്ത് കഴിക്കണം, എന്ത് പറയണം, ആരെ വിവാഹം കഴിക്കണം, എന്ത് കാണണം എന്നീ പ്രഹസനങ്ങൾക്ക് ശേഷം അടുത്തതായി കൈ വയ്ക്കുന്നത് സ്ത്രീകളുടെ വസ്ത്രത്തിലാണെന്ന് നെൽസൺ കുറിക്കുന്നു. 

'എന്തോന്ന് ഇന്ത്യൻ വസ്ത്രം? ഇട്ടിരിക്കുന്ന പാന്റും ഷർട്ടും എന്നുതൊട്ടാ ഇന്ത്യൻ വസ്ത്രമായതെന്ന് ചിന്തിക്കാനുള്ള സെൻസെങ്കിലും?  ഒരാൾക്ക് കംഫർട്ടബിളെന്ന് തോന്നുന്ന വസ്ത്രം ധരിക്കുമ്പൊ പൊട്ടുന്ന പ്രഫഷണൽ കുരുവൊക്കെ ഇച്ചിരെ മാറിയിരുന്ന് " ഡ്രസ് " ചെയ്യ് എന്ന് മാത്രം സൂചിപ്പിച്ചുകൊണ്ട് നിറുത്തട്ടെ'- നെല്‍സൺ കുറിച്ചു.

കുറിപ്പിന്റെ പൂർണരൂപം വായിക്കാം:

" സർ, ഐ ആം എജ്യുക്കേറ്റഡ്...ഐ ആം ദി പ്രഫഷണൽ "

ബംഗലൂരുവിൽ ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന പെൺകുട്ടിയോടും സുഹൃത്തിനോടും " ഇന്ത്യൻ വസ്ത്രം " ധരിക്കാൻ ആക്രോശിച്ചയാളുടെ വാക്കുകളാണ്..

എന്ത് കഴിക്കണം, എന്ത് പറയണം, ആരെ വിവാഹം കഴിക്കണം, എന്ത് കാണണം എന്നീ പ്രഹസനങ്ങൾക്ക് ശേഷം അടുത്തതായി കൈ വയ്ക്കുന്നത് അടുത്ത് നിൽക്കുന്നോരുടെ, പ്രത്യേകിച്ച് പെണ്ണുങ്ങടെ തുണിയിന്മേലാണ്..അയാളുടെ ഫോട്ടോ എടുത്ത് ഇവിടെ ഇടാഞ്ഞത് ഒരൊറ്റക്കാരണം കൊണ്ടാണ്. അയാൾ മാത്രമല്ല ആ ചിന്താഗതിക്കാരൻ ..

ലെറ്റ്സ് കം ടു ദി പയൻ്റ്...

ആ പെൺകുട്ടി ധരിച്ചിരുന്നത് ഒരു ഷോർട്സും ടോപ്പുമായിരുന്നു. അത് ചോദ്യം ചെയ്യാൻ വന്നവൻ ധരിച്ചിരുന്നത് പാൻ്റും ഷർട്ടും.ഉടുക്കുന്നതും തിന്നുന്നതും കാണുന്നതും വച്ച് സംസ്കാരം അളക്കാൻ വരുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്.ചുമ്മാ ആലോചിച്ച് കൂട്ടുന്നപോലെ പ്രായം ചെന്നവരോ മദ്ധ്യവയസ്കരോ അല്ല, " എഡ്യുക്കേറ്റഡ്, പ്രഫഷണൽ " ആണ് സംസ്കാരം സംരക്ഷിക്കാൻ ഇറങ്ങുന്നത്.

ആ വീഡിയോയ്ക്ക് താഴെയും ഭാരതീയ രീതിയിൽ വസ്ത്രം ധരിക്കാത്തതുകൊണ്ട് സംസ്കാരം നഷ്ടപ്പെട്ടെന്ന് വിലപിക്കുന്നോരെ കാണാം. അയാളോ അവരോ ഒറ്റപ്പെട്ട സംഭവമൊന്നുമല്ല. ചുമ്മാ ഒന്ന് ആലോചിച്ച് നോക്കിയാൽ മതി. പ്രകോപനപരമായി വസ്ത്രം ധരിച്ചതുകൊണ്ടാണ് പീഢനം നടന്നതെന്നും വൈകുന്നേരം താമസിച്ച് ഹോസ്റ്റലിൽ വരാൻ അനുവദിക്കാത്തത് സംരക്ഷണത്തിനാണെന്നുമൊക്കെ ധാരണയുള്ളവരുടെ നാടാണിത്.

ധരിക്കുന്ന വസ്ത്രം ആക്രമിക്കാനുള്ള ലൈസൻസാണെന്ന് കരുതുന്ന പോങ്ങന്മാരോട് എന്ത് പറയാനാണ്.വിക്ടിം ബ്ലെയ്മിങ്ങിൻ്റെ രായാക്കന്മാരാണ്.. സ്ത്രീ സുരക്ഷിതയായിരിക്കാൻ ശരീരം പൊതിഞ്ഞ് സൂക്ഷിക്കണമെന്നാണ് നമ്മുടെ ഐഡിയയെന്ന് പുറത്ത് ചെന്ന് പറയണ്ട..അവര് പുച്ഛിക്കും.

ആക്രമിക്കപ്പെട്ടപ്പൊ ഏത് വസ്ത്രമായിരുന്നു ധരിച്ചിരുന്നതെന്ന ചോദ്യം തന്നെ അപ്രസക്തമാണെന്ന് തെളിയിച്ചുകൊണ്ട് സർവൈവർമാരുടെ വസ്ത്രങ്ങൾ പ്രദർശിപ്പിക്കപ്പെട്ടിരുന്നു .എന്തോന്ന് ഇന്ത്യൻ വസ്ത്രം? ഇട്ടിരിക്കുന്ന പാൻ്റും ഷർട്ടും എന്നുതൊട്ടാ ഇന്ത്യൻ വസ്ത്രമായതെന്ന് ചിന്തിക്കാനുള്ള സെൻസെങ്കിലും? ങേ..ഹേ.. 

ഒരാൾക്ക് കംഫർട്ടബിളെന്ന് തോന്നുന്ന വസ്ത്രം ധരിക്കുമ്പൊ പൊട്ടുന്ന പ്രഫഷണൽ കുരുവൊക്കെ ഇച്ചിരെ മാറിയിരുന്ന് " ഡ്രസ് " ചെയ്യ് എന്ന് മാത്രം സൂചിപ്പിച്ചുകൊണ്ട് നിറുത്തട്ടെ...

നന്ദി

നമസ്കാരം..