ഓടുന്ന ട്രെയിനിൽ കയറാൻ ശ്രമം; കാൽ വഴുതി താഴേക്ക്; രക്ഷകരായി ആർപിഎഫ്; വിഡിയോ

ഓടുന്ന ട്രെയിനിൽ കയറുകയോ ഇറങ്ങുകയോ ചെയ്യരുതെന്ന് റെയിൽവേ മന്ത്രാലയം പലവട്ടം യാതക്കാർക്ക് താക്കീത് നൽകിയിട്ടുള്ളതാണ്. ഇപ്പോഴിതാ ഇതു വകവയ്ക്കാതെ ഓടുന്ന ട്രെയിനിലേക്ക് കയറാൻ ശ്രമിക്കുന്ന യാത്രക്കാരൻ താഴേക്ക് വീഴുന്നതും അയാളെ ആർ പി എഫ് ഉദ്യോഗസ്ഥർ രക്ഷിക്കുന്നതിന്റെയും വിഡിയോ പുറത്തു വന്നിരിക്കുന്നു. കൃത്യ സമയത്തുള്ള ഉദ്യോഗസ്ഥരുടെ ഇടപെടലാണ് യാത്രക്കാരന് ജീവൻ തിരിച്ചു നൽകിയത്. 

അഹമ്മദാബാദ് റെയിൽവേ സ്റ്റേഷനിലാണ് സംഭവം. സ്റ്റെയർ ഇറങ്ങി വന്ന യാത്രക്കാരനാണ് ട്രെയിൻ നീങ്ങുന്നത് കണ്ട് ധൃതിയിൽ ഓടിക്കയറിയത്. എന്നാൽ എങ്ങനെയോ കാൽവഴുതി  പുറത്തേക്ക് വീഴുകയായിരുന്നു. കാൽ മാത്രം ട്രെയിനിനുള്ളിലും മറ്റ് ഭാഗങ്ങൾ പുറത്തേക്കുമായിട്ടാണ് വിഡിയോയിൽ കാണുന്നത്. ഇയാളെ വലിച്ചുകൊണ്ട് ട്രെയിൻ നീങ്ങുന്നുമുണ്ട്. 

ഇതിനിടെയാണ് രണ്ട് ആർപിഎഫ് ഉദ്യോഗസ്ഥർ ഇത് കാണുകയും യാത്രക്കാരനെ പുറത്തേക്ക് വലിച്ചെടുത്ത് രക്ഷിക്കുകയും ചെയ്തത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ റെയിൽവേ മന്ത്രാലയം തന്നെയാണ് ട്വീറ്റ് ചെയ്തത്. നിങ്ങൾ എത്രമാത്രം ആരോഗ്യവാനും സമർത്ഥനുമാണെങ്കിലും ഓടുന്ന ട്രെയിനിൽ നിന്ന് ഇറങ്ങുകയോ ട്രെയിനിലേക്ക് കയറുകയോ ചെയ്യരുത് എന്ന കുറിപ്പിനൊപ്പമാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്.