പ്രളയത്തില്‍ യാത്ര തടസപ്പെട്ടു; ആംബുലന്‍സിന് വഴികാട്ടിയായി ഓടിയ 12 വയസുകാരന് ആദരം

പ്രളയത്തില്‍ യാത്ര തടസപ്പെട്ട ആംബുലന്‍സിന് വഴികാട്ടിയായി പാലത്തിലൂടെ ഓടിയ 12 വയസുകാരന്‍ വെങ്കിടേഷിന് കോഴിക്കോടിന്‍റെ ആദരം. സാമൂഹിക, സാംസ്ക്കാരിക സംഘടനകള്‍ കര്‍ണാടകയിലെ റായ്ച്ചൂര്‍ സ്വദേശിയായ ഏഴാം ക്ലാസുകാരന് സ്വദേശത്ത് പുതിയ വീടും നിര്‍മ്മിച്ച് നല്‍കും. 

വെള്ളപ്പൊക്കത്തില്‍ സ്വന്തം ഗ്രാമവും അയല്‍ ഗ്രാമങ്ങളുമെല്ലാം മുങ്ങി നില്‍ക്കുന്ന സമയത്താണ് രോഗിയുമായി എത്തിയ ആംബുലന്‍സ് പാലത്തിന് മുന്നില്‍ പകച്ചു നില്‍ക്കുന്നത് വെങ്കിടേശ് കണ്ടത്. ഒരു നിമിഷം പോലും ആലോചിക്കാതെ ഡ്രൈവറെ കൈകാട്ടി വിളിച്ച് മുന്നില്‍ ഓടി, സ്വന്തം ജീവന്‍ പോലും പണയം വെച്ച്. ആരോ എടുത്ത ഈ വിഡിയോ വൈറലായതോടെ വെങ്കിടേശ് താരമായി. സ്വീകരണങ്ങളുടെ തിരക്കിലാണ് ഇപ്പോള്‍ ഈ കുട്ടിത്താരം. 

ദരിദ്ര കര്‍ഷക കുടുംബമാണ് വെങ്കിടേശിന്‍റേത്. പശുവാണ് പ്രധാന വരുമാന മാര്‍ഗം. കൊച്ചുകൂരയില്‍ കഴിയുന്ന വെങ്കിടേശിനും കുടുംബത്തിനും വീട് നിര്‍മ്മിച്ച് നല്‍കാനാണ് ഇനിയുള്ള ശ്രമം. അതിനായി സുമനസുകള്‍ കൂടെയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് സംഘാടകര്‍.