സസ്യാധിഷ്ഠിത ഭക്ഷണശീലം പ്രോല്‍സാഹിപ്പിക്കുന്നതിന് 'ക്യൂബ് ഓഫ് ട്രൂത്ത്'

മൃഗങ്ങള്‍ക്കെതിരെയുള്ള അതിക്രമം അവസാനിപ്പിക്കുന്നതിനും സസ്യാധിഷ്ഠിത ഭക്ഷണശീലം പ്രോല്‍സാഹിപ്പിക്കുന്നതിനുമായി കൊച്ചിയില്‍ ക്യൂബ് ഓഫ് ട്രൂത്ത് പ്രകടനം. വീഗന്‍ ഇന്ത്യന്‍ പ്രസ്ഥാനത്തിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി. 

ഭക്ഷണത്തിനും വ്യാവസായികാവശ്യങ്ങള്‍ക്കുമെല്ലാം മൃഗങ്ങളെയും മൃഗോല്‍പന്നങ്ങളും ഉപയോഗിക്കുന്നതിനെതിരെയാണ് വീഗന്‍ പ്രസ്ഥാനത്തിന്റെ പോരാട്ടം. മാംസം മാത്രമല്ല, ജന്തുജന്യമായ പാലും, തേനുമൊക്കെ ഉപയോഗിക്കുന്നതും മൃഗങ്ങളുടെ അവകാശങ്ങള്‍ക്ക് എതിരാണെന്ന് പൊതുജനത്തെ ബോധ്യപ്പെടുത്തുന്നതിനാണ് സന്നദ്ധ പ്രവര്‍ത്തകര്‍ കൊച്ചി പനമ്പിള്ളി നഗറില്‍ സംഘടിച്ചത്. കറുത്ത വസ്ത്രവും മാസ്കും ധരിച്ച് പ്ലക്കാര്‍ഡുമേന്തി പ്രവര്‍ത്തകര്‍ റോഡരികില്‍നിന്നു. ലാപ്ടോപ്പിലും, ടാബ്‌ലറ്റിലുമായി മൃഗങ്ങളുടെ അവകാശങ്ങള്‍ ലംഘിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു.

എല്ലാത്തരം മൃഗങ്ങളുടെയും ഉപയോഗം ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്നും സംഘാടകര്‍ പറഞ്ഞു.