ബസ് സഡൻ ബ്രേക്കിട്ടു; മരണത്തിലേക്ക് വീണ് കണ്ടക്ടർ; ബൈക്ക് യാത്രികന്റെ അശ്രദ്ധ

തമിഴ്നാട്ടിലെ കമ്പം - തേനി റോഡിൽ നടന്ന ഒരു അപകടത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. പാഞ്ഞെത്തിയ ബസിന് മുന്നിലേക്ക് എത്തിയ ബൈക്കിൽ ഇടിക്കാതിരിക്കാൻ ഡ്രൈവർ സഡൻ ബ്രേക്കിട്ടു. പക്ഷേ അപ്പോൾ ബസിലുണ്ടായിരുന്ന കണ്ടക്ടർ റോഡിലേക്ക് തെറിച്ചുവീണു. ഇയാളുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി.  സ്വകാര്യ ബസിന്‍റെ മുന്നിലേക്ക് അശ്രദ്ധമായി റോഡ് മുറിച്ചു കടന്നെത്തിയ ബൈക്കാണ് അപകടത്തിന്‍റെ പ്രധാനകാരണം. ബസിലെ തന്നെ സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.

അശ്രദ്ധമായി റോഡ് മുറിച്ചു കടക്കുന്ന ബൈക്ക് യാത്രക്കാരനെ ഇടിക്കാതിരിക്കനാണ് ഡ്രൈവർ ബ്രേക്കിട്ടത്. ഇൗ സമയം കണ്ടക്ടര്‍ വിജയന്‍ ബസിന്‍റെ വിന്‍ഡ് ഷീല്‍ഡു തകര്‍ത്ത് പുറത്തേക്ക് തെറിച്ചു വീണു. അതിനൊപ്പം ബസ് രണ്ടു ബൈക്ക് യാത്രക്കാരെ ഇടിച്ചു തെറിപ്പിച്ചു. കണ്ടക്ടർ വിജയനും ഒരു ബൈക്ക് യാത്രികനും സംഭവസ്ഥലത്തു തന്നെ മരിച്ചു. റോഡ് മുറിച്ചുകടന്നെത്തിയ ആദ്യ ബൈക്കിലെ യാത്രികരായ സ്‍ത്രീയെയും പുരുഷനെയും ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.