‘നൗഷാദ് ഇക്കയുടെ കട’ ബ്രോഡ്‌വേയിൽ

പ്രളയ ദുരിതാശ്വാസത്തിനു ഗോഡൗണിലെ തുണികളെല്ലാം വാരി നൽകി ശ്രദ്ധേയനായ വഴിയോരക്കച്ചവടക്കാരൻ വൈപ്പിൻ മാലിപ്പുറം പനച്ചിക്കൽ നൗഷാദ് ബ്രോഡ്‌വേയിൽ പുതിയ കട തുറന്നു– ‘നൗഷാദ് ഇക്കയുടെ കട’. 

ബ്രോഡ്‌വേയിലെ അപ്സരപാർക്ക് കെട്ടിടത്തിലെ ഒറ്റമുറിയിലാണു പുതിയ കട തുറന്നത്. യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്മാർട് ട്രാവൽസ് ഉടമ അഫി അഹമ്മദ് ഒരു ലക്ഷം രൂപയുടെ തുണിത്തരങ്ങൾ വാങ്ങി ആദ്യ വിൽപന നിർവഹിച്ചു. പിന്നാലെ, കലക്ടറേറ്റിലെത്തി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപയുടെ ചെക്ക് നൗഷാദ് കലക്ടർ എസ്. സുഹാസിനു കൈമാറി. 

അഫി അഹമ്മദിന്റെ സാന്നിധ്യത്തിലാണു ചെക്ക് കൈമാറിയത്. നൗഷാദിനെയും കുടുംബത്തെയും യുഎഇ സന്ദർശിക്കാനായി അഫി അഹമ്മദ് ക്ഷണിച്ചിട്ടുണ്ട്. കച്ചവടം ചെയ്യാൻ കടമുറി തുറന്നെങ്കിലും വഴിയോര വസ്ത്രവിൽപന ഉപേക്ഷിക്കില്ലെന്നു നൗഷാദ് പറഞ്ഞു. എല്ലാക്കാലത്തും വഴിയോരക്കച്ചവടക്കാരനായി അറിയപ്പെടാനാണ് ഇഷ്ടമെന്നും നൗഷാദ് പറഞ്ഞു.