മണിക്കൂറുകളോളം മരണക്കയത്തിൽ; രക്ഷിച്ച പേരറിയാത്തവരേ, നിങ്ങടെ നേരറിയുന്നു

മരണം മുന്നിൽ കണ്ട സമയം ജീവിതത്തിലേക്ക് വീണ്ടും കൈ പിടിച്ചു കയറ്റിയ ദൈവതുല്യരായ നാട്ടുകാരോട് നന്ദി പറഞ്ഞ് മൂന്നംഗ കുടുംബം. വെള്ളി പുലർച്ചെ 4.30ന് ചേലക്കര - പൈങ്കുളം റോഡിലെ കിള്ളിമംഗലം കൊച്ചപ്പൻ പടി ബസ് സ്റ്റോപ്പിനു സമീപത്ത് റോഡിൽ പെട്ടെന്നുണ്ടായ ഒഴുക്കാണ് തൃശൂർ കുട്ടനെല്ലൂർ ഇഎസ്ഐ - സി സ്റ്റാഫ് ക്വാർട്ടേഴ്സിൽ താമസിക്കുന്ന ചേലക്കര പുലാക്കോട് പുനംകുളങ്ങര രമേശ് (34) ഭാര്യ കിളളിമംഗലം പാറയ്ക്കൽ വീട്ടിൽ രമ്യ (30) മകൾ അമേയ ലക്ഷ്മി (നാലര ) എന്നിവരെ മണിക്കൂറുകളോളം മരണക്കയത്തിൽ നിർത്തിയത്. 

രമ്യയുടെ അമ്മയ്ക്ക് സുഖമില്ലെന്ന് അറിഞ്ഞ് കിള്ളി മംഗലത്തെ വീട്ടിലേക്ക് വരികയായിരുന്നു ഇവർ. ഒഴുക്കിൽ കുടുങ്ങിയതോടെ വാഹനത്തിന്റെ ഹാൻഡ് ബ്രേക്ക് ഇട്ട് രമേശ് സഹായത്തിനായി 100, 101 എന്നീ നമ്പറുകളിൽ വിളിക്കുകയായിരുന്നു. അരമണിക്കൂറോളം വാഹനത്തിന്റെ ഹോൺ അടിച്ചും അലറി വിളിച്ചും സഹായത്തിനായി കരഞ്ഞെങ്കിലും ആരും എത്താതിരുന്നതിനാൽ ഡ്രൈവിങ് സീറ്റിനു സമീപത്തെ ഗ്ലാസ് താഴ്ത്തി രമേശ് പുറത്തിറങ്ങുകയായിരുന്നു. പിന്നീട് ഭാര്യ രമ്യയെയും മകളെയും ഇതിലൂടെ പുറത്തിറക്കി.

 വാഹനത്തിൽ പിടിച്ചു നിൽക്കുകയായിരുന്നു.    നിൽക്കുന്ന കുടുംബത്തെ  അതു വഴി മറ്റൊരു വാഹനത്തിലെത്തിയവരും പിന്നീടെത്തിയ നാട്ടുകാരും ചേർന്ന് മൂന്നു പേരെയും രക്ഷപ്പെടുത്തുകയായിരുന്നു.  ഇതിനു പിന്നാലെ ഇവർ സഞ്ചരിച്ചിരുന്ന വാഹനം ഒഴുകിപ്പോയി.

ആലുവ ഉദ്യോഗ് മണ്ഡൽ ഇഎസ്ഐ ആശുപത്രിയിലെ ഓപ്പറേഷൻ തിയറ്റർ ടെക്നീഷ്യനാണ് രമേഷ്. മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജിലെ സ്റ്റാഫ് നഴ് സാണ് രമ്യ.