സർട്ടിഫിക്കറ്റ് കിട്ടി; പക്ഷെ സൈബർ വിളികള്‍ അസഹനീയം; ഉപദ്രവിക്കരുതെന്ന് പെൺകുട്ടി

ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ഒരു മലയാളി പെൺകുട്ടിയുടെ സർട്ടിഫിക്കറ്റുകൾ ഹൈദരാബാദിൽ നിന്നും കളഞ്ഞുകിട്ടി, ഉടമസ്ഥർ എത്തി സ്വീകരിക്കണമെന്ന വിഡിയോ വൈറലായത്. തിരുവല്ല സ്വദേശി മീര നായർ എന്ന പെൺകുട്ടിയുടെ സർട്ടിഫിക്കറ്റുകളാണ് ഒരു ഓട്ടോഡ്രൈവർക്ക് കളഞ്ഞുകിട്ടിയത്. അപ്പോൾ തന്നെ അദ്ദേഹം ഫെയ്സ്ബുക്ക് വിഡിയോ ഇടുകയും, ആറുമണിക്കൂറുകൾക്കുള്ളിൽ തന്നെ പെൺകുട്ടിക്ക് സർട്ടിഫിക്കറ്റുകൾ തിരികെ ലഭിക്കുകയും ചെയ്തു. സർട്ടിഫിക്കറ്റുകൾ നഷ്ടപ്പെട്ടതിനെക്കുറിച്ചും തിരികെ കിട്ടിയതിനെക്കുറിച്ചും പെൺകുട്ടിയും ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. 

എന്നാൽ ഇനിയാണ് ട്വിസ്റ്റ്. സർട്ടിഫിക്കറ്റ് ലഭിച്ചെങ്കിലും പോസ്റ്റും വിഡിയോയും വൈറലായതിനെത്തുടർന്ന് മനസമാധാനം നഷ്ടപ്പെട്ടിരിക്കുകയാണെന്ന് മീര മനോരമന്യൂസ് ഡോട്ട്കോമിനോട് പറ‍ഞ്ഞു. 

മീരയുടെ വാക്കുകൾ ഇങ്ങനെ: നെറ്റ് കോച്ചിങ്ങിന് ചേരാൻ വേണ്ടിയാണ് മാതാപിതാക്കളോടൊപ്പം ഹൈദരബാദിലേക്ക് പോയത്. സ്ഥാപനത്തിൽ രജിസ്ട്രേഷന് മുൻപ് തന്നെ സർട്ടിഫിക്കറ്റ് നഷ്ടമായ വിവരം തിരിച്ചറിഞ്ഞു. ഡയറക്ടറുടെ നിർദേശമനുസരിച്ച് പൊലീസിൽ പരാതി നൽകി. ഏതാനും മണിക്കൂറുകൾക്കുള്ളിൽ എന്റെയൊരു അധ്യാപിക, ഓട്ടോക്കാരന്റെ വിഡിയോ കണ്ടിട്ട് എന്നെ വിളിച്ച് സർട്ടിഫിക്കറ്റ് അദ്ദേഹത്തിന്റെ കയ്യിലുണ്ടെന്ന് പറഞ്ഞു. വൈകുന്നേരത്തോടെ ഞങ്ങൾ പൊലീസ് സ്റ്റേഷനിൽവെച്ച് സർട്ടിഫിക്കറ്റ് കൈമാറുകയും ചെയ്തു. അന്നു തന്നെ ഞാൻ തിരികെ കിട്ടിയവിവരം പോസ്റ്റ് ചെയ്തു. എന്നാൽ രണ്ടുമൂന്ന് ദിവസം കഴിഞ്ഞപ്പോഴേക്കും ഈ വിഡിയോ വല്ലാതെ വൈറലായി. 

നിരവധി പേർ എന്റെ ഫെയ്സ്ബുക്കിലേക്ക് സന്ദേശങ്ങളയക്കാൻ തുടങ്ങി. ചിലരൊക്കെ ആത്മാർഥമായിട്ടാണ് മെസേജുകൾ അയച്ചത്. എന്നാൽ ഭൂരിഭാഗം പേരും അനാവശ്യ സന്ദേശങ്ങളാണ് അയച്ചത്. ആയിരം ഫ്രണ്ട്സ് റിക്വസ്റ്റുകളാണ് ഈ രണ്ടുമൂന്ന് ദിവസം കൊണ്ട് ലഭിച്ചത്. ഞാൻ പഠിച്ച കൊളജുകളിലെല്ലാം വിളിച്ച് അധ്യാപകരോട് നമ്പർ ചോദിക്കുന്നുമുണ്ട്. എന്തിനേറെ പറയുന്നു, ഐ.എസ്.ആർ.ഒയിൽ ഞാൻ കുറച്ചുകാലം ഇന്റൺഷിപ്പ് ചെയ്തിരുന്നു. ആ സർട്ടിഫിക്കറ്റും കൂട്ടത്തിലുണ്ടായിരുന്നു. അതിനെ നമ്പർ കണ്ടിട്ട് ഐ.എസ്.ആർ.ഒ ഡയറക്ടറെ വരെ വിളിച്ചാണ് നമ്പർ ചോദിക്കുന്നത്. 

സർട്ടിഫിക്കറ്റ് കിട്ടിയെന്ന് പറഞ്ഞിട്ടും വീണ്ടും വീണ്ടും ശല്യം ചെയ്യുകയാണ്. എന്റെ അധ്യാപകർക്കും ശല്യമായിക്കൊണ്ടിരിക്കുകയാണ് ഈ ഫോൺകോളുകൾ. ഞാനൊരു പെൺകുട്ടിയായതുകൊണ്ട് ഇങ്ങനെ ശല്യം ചെയ്യണോ? സമൂഹമാധ്യമത്തിന്റെ നല്ലവശം കൊണ്ടാണ് സർട്ടിഫിക്കറ്റ് തിരികെ ലഭിച്ചത്. എന്നാൽ ഇപ്പോൾ അതിന്റെ ദൂഷ്യവും അനുഭവിക്കുകയാണ്. എനിക്ക് ഫെയ്സ്ബുക്ക് അൺഇൻസ്റ്റാൾ ചെയ്യാൻ തോന്നിപ്പോയി. അത്രമാത്രം ശല്യമാണ് അനുഭവിക്കുന്നത്.

എന്റെ ഫോൺ നമ്പർ വരെ എവിടുന്നൊക്കെയോ തപ്പിപിടിച്ചെടുത്ത് വിളിക്കുന്നവരുമുണ്ട്. ഒരാളോട് എവിടുന്നാണ് നമ്പർ കിട്ടിയതെന്ന് ചോദിച്ചപ്പോൾ ആവശ്യക്കാരന് ഔചിത്യം ഇല്ലല്ലോ എന്നാണ് പറഞ്ഞത്. ചിലർ വിളിച്ചത് എന്റെ എം.എസ്.സിയുടെ സർട്ടിഫിക്കറ്റ് വരെ അവരുടെ കയ്യിലുണ്ട്, വന്ന് കൈപ്പറ്റിക്കോളൂ എന്ന് പറഞ്ഞ് വിളിച്ചിട്ടുണ്ട്. ഞാൻ എം.എസ്.സി അവസാന സെമസ്റ്റർ പരീക്ഷ എഴുതാൻ പോകുന്നതേയുള്ളൂ. ശല്യം സഹിക്കാതെ വന്നാൽ സൈബർസെല്ലിൽ പരാതി കൊടുക്കേണ്ടി വരും. കേസിന്റെ പുറകിന് പോകേണ്ടെന്ന് കരുതിയാണ് ഇതുവരെ പരാതി നൽകാതിരുന്നത്. എന്നാൽ നിവൃത്തിയില്ലെങ്കിൽ എന്ത് ചെയ്യും?- മീര പറയുന്നു.