മുങ്ങുന്ന 5 ജീവനുകളെ കരയ്ക്കെത്തിച്ചു; സ്വയം മറന്ന് വിനോദിന്റെ രക്ഷാപ്രവർത്തനം

ദൈവമാണു തന്നെ അവിടെ എത്തിച്ചതെന്ന്  ഓട്ടോഡ്രൈവർ ചെറുവായ്ക്കര മുക്കടക്കാട്ടിൽ വിനോദ് പറയുന്നു. അതുകൊണ്ടാണ് യാത്രക്കാരെ എടുക്കാൻ പോവുകയായിരുന്ന തനിക്ക് പുഴയിൽ പൊലിയുമായിരുന്ന 5 ജീവൻ രക്ഷിക്കാനായത്. കഴിഞ്ഞദിവസം കരിമ്പനയിൽ നിന്നാണ് വിനോദിനെ ഓട്ടം വിളിച്ചത്.

ആളെ എടുക്കുന്നതിനായി കർമ റോഡ് വഴി ഇൗശ്വരമംഗത്തേക്കു പോകുമ്പോൾ ആണ് തൊട്ടുമുന്നി കാർ നിയന്ത്രണം വിട്ട് പുഴയിലേക്കു തെറിച്ചുവീഴുന്നത് കണ്ടത്. മുൻഭാഗം ചെളിയിൽ താഴ്ന്ന കാറിനകത്തേക്ക് വെള്ളം  കയറി. അപകടം കണ്ടയുടൻ വിനോദ് ഓട്ടോ ഓഫ് ചെയ്യാൻപോലും നിൽക്കാതെ പുഴയിലേക്കു ചാടി. പൊന്നാനി സ്വദേശി നവാസും കുടുംബവുമായിരുന്നു കാറിൽ. 

പിൻഭാഗത്തെ ഡോർ തുറന്ന് നവാസിന്റെ ഭാര്യയെയും 2 കുട്ടികളെയും പുറത്തേക്കു വലിച്ചെടുത്തു. മുൻ സീറ്റിലുണ്ടായിരുന്ന നവാസും ബന്ധുവും വെള്ളത്തിൽ മുങ്ങിക്കിടക്കുകയായിരുന്നു. വലിച്ചുകയറ്റാൻ ശ്രമിച്ചപ്പോൾ നവാസിന്റെ കാൽ കാറിന്റെ അടിഭാഗത്ത് കുടുങ്ങിക്കിടക്കുകയായിരുന്നു. ഏറെ പാടുപെട്ടാണ് പുറത്തെടുക്കാനായത്.

സ്വന്തം പഴ്സും മൊബൈലും മാറ്റിവയ്ക്കാൻ പോലും സമയം കളയാതെയായിരുന്നു വിനോദ് പുഴയിലേക്കു ചാടിയത്. രക്ഷാപ്രവർത്തനത്തിനിടെ വിനോദിന്റെ കാലിനു പരുക്കേറ്റു. 

മുറിവു പറ്റിയ ഭാഗത്ത് തുന്നലിട്ടിരിക്കുകയാണ്. കാറിലുണ്ടായിരുന്നവർക്കും പരുക്കുണ്ട്. ഇവർ തിരൂർ ഭാഗത്തേക്കു പോവുകയായിരുന്നു. സംഭവസ്ഥലത്ത് ഓടിക്കൂടിയ നാട്ടുകാരും രക്ഷാപ്രവർത്തനത്തിന് സഹായിച്ചു.