‘ചാച്ചനെ’ കെട്ടിപിടിച്ച് കരഞ്ഞ് കുട്ടികള്‍; സൗമ്യയുടെ ഭര്‍ത്താവ് ഇനി ഗള്‍ഫിലേക്കില്ല

വനിത സിവിൽ പൊലീസ് ഉദ്യോഗസ്ഥ സൗമ്യയുടെ മരണത്തിന്റെ ഞെട്ടലിൽ നിന്നും ബന്ധുക്കളും വള്ളികുന്നം നിവാസികളും ഇതുവരെ മുക്തരായിട്ടില്ല. സൗമ്യയുടെ കൊലപാതകിയായ പൊലീസുകാരൻ അജാസും മരിച്ചതോടെ കേസ് നിലനിൽക്കില്ല. പക്ഷെ സൗമ്യയുടെ കുടുംബത്തിന് മുന്നിൽ ജീവിതം ചോദ്യചിഹ്നം പോലെ നിൽക്കുകയാണ്. മൂന്ന് കുട്ടികളുടെ ഭാവിയെക്കുറിച്ചും ഇനി മുന്നോട്ടുള്ള ജീവിതത്തെക്കുറിച്ചും സൗമ്യയുടെ ഭർത്താവിന്റെ സഹോദരൻ ഷാജി  മനോരന്യൂസ് ഡോട്ട്കോമിനോട് സംസാരിക്കുന്നു.

കുഞ്ഞുങ്ങൾക്ക് അമ്മ മരിച്ചുവെന്ന കാര്യം മനസിലായിട്ടുണ്ട്. ഇളയകുഞ്ഞിന് ഒന്നും തിരിച്ചറിയാനുള്ള പ്രായമായിട്ടില്ല. മറ്റുരണ്ടുപേർക്കും യാഥാർഥ്യം മനസിലായിട്ടുണ്ട്. കുഞ്ഞുങ്ങളല്ലേ അവർ വേഗം ദുഖങ്ങളിൽ നിന്നും കരകയറും. ഇപ്പോഴവരുടെ ചാച്ചൻ (അച്ഛന്‍ സജീവ്) തിരിച്ചെത്തിയതിന്റെ ആശ്വാസത്തിലാണ് മക്കൾ. സജീവ് ഇനി ലിബിയയിലേക്ക് തിരികെ പോകുന്നില്ല. കുഞ്ഞുങ്ങൾ ചാച്ചനെങ്ങും പോകേണ്ടെന്ന് പറഞ്ഞ് കെട്ടിപിടിച്ച് കരച്ചിലാണ്. അവനും ഇനി പോകാനുള്ള മാനസികാവസ്ഥയിൽ അല്ല. കുഞ്ഞുങ്ങൾക്ക് വേണ്ടി നാട്ടിൽ തന്നെ ജീവിക്കാനാണ് തീരുമാനം. ഞങ്ങളും അതിന് വേണ്ട സഹായങ്ങൾ നൽകും. പൊലീസ് ഉദ്യോഗസ്ഥരുടെ അസോസിയേഷനും സഹായങ്ങൾ വാഗ്ദാനം ചെയ്തിട്ടുണ്ട്. സർക്കാരിന്റെ ഭാഗത്ത് നിന്നും ഇതുവരെ സഹായങ്ങളൊന്നും പ്രഖ്യാപിച്ചിട്ടില്ല.

ഒരു രാത്രിയിൽ സൗമ്യ രണ്ടാമത്തെ കുഞ്ഞിനെ കെട്ടിപ്പിടിച്ച് കരഞ്ഞിരുന്നു. അതുകേട്ട് വന്ന മൂത്തമകനോട് ‘അമ്മ മരിച്ചാൽ അജാസാണ് കൊന്നതെന്ന് മോൻ പൊലീസിനോട് പറയണം’ എന്ന് പറഞ്ഞിരുന്നു. മകന്‍ ഈ കാര്യം ആദ്യം പറയുന്നത് കൊടിക്കുന്നിൽ സുരേഷ് എംപിയോടാണ്. അതിന് ശേഷമാണ് എന്നോട് പറയുന്നത്.

സജീവിനോട് ഞങ്ങളാദ്യം മരണവിവരം പറഞ്ഞിരുന്നില്ല. എന്നാൽ മാധ്യമങ്ങളിലെല്ലാം വാർത്ത വന്നതോടെ പറയാതിരിക്കാനായില്ല. മറച്ചുവെച്ചിട്ട് കാര്യമില്ലല്ലോ. വാട്സാപ്പ് ഗ്രൂപ്പിലൂടെയും അവൻ മരണവിവരം അറിഞ്ഞിരുന്നു. മൂന്നുദിവസം വെള്ളംപോലും കുടിക്കാതെ കരച്ചിലായിരുന്നു. പിന്നെ ഒപ്പമുള്ളവർ നിർബന്ധിച്ചിട്ടാണ് എന്തെങ്കിലും കഴിച്ചത്. അവനിപ്പോഴും സൗമ്യയുടെ വിയോഗത്തിന്റെ ആഘാതം മാറിയിട്ടില്ല. കുഞ്ഞുങ്ങളെ കെട്ടിപ്പിടിച്ച് കരച്ചിലാണ്. അജാസിന്റെ കയ്യിൽ നിന്നും ഒന്നരലക്ഷം രൂപ വാങ്ങിയ വിവരമൊന്നും സജീവിന് അറിയില്ലായിരുന്നു. സൗമ്യയ്ക്കും അമ്മയ്ക്കും മാത്രമേ ഈ കാര്യം അറിയുമായിരുന്നുള്ളൂ. അവർ ആരോടും പറയാതെ പ്രശ്നം പരിഹരിക്കാമെന്ന് കരുതിയതാണ് ഈ ദുരന്തത്തിന് കാരണമായത്. ആരോടെങ്കിലും അവൻ ഭീഷണിപ്പെടുത്തുന്ന വിവരം പറഞ്ഞിരുന്നെങ്കിൽ സൗമ്യയെ നഷ്ടപ്പെടില്ലായിരുന്നു. - ഷാജി പറഞ്ഞു.