മഞ്ഞളാംകുഴി അലി എംഎൽഎക്ക് ഫുള്‍ എ പ്ലസോ..? ചിരി പടര്‍ത്തി കാര്‍ഡ്: ട്രോള്‍

എസ്‌എസ്എൽസിക്കും പ്ലസ്ടുവിനും ‘ഫുൾ എ പ്ലസ്’ നേടിയ മഞ്ഞളാംകുഴി അലി എംഎൽഎയെ അഭിനന്ദിച്ച് എംഎസ്എഫ് പെരിന്തൽമണ്ണ നിയോജക മണ്ഡലം കമ്മിറ്റി തയാറാക്കിയ ഉപഹാരം സമൂഹ മാധ്യമങ്ങളിൽ ചിരി പടർത്തി.  കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ നാനൂറോളം കുട്ടികൾക്കാണ് എംഎൽഎയുടെ ചിത്രം പതിച്ച ഉപഹാരം നൽകിയത്. പടത്തിനു മുകളിലായി ‘എസ്എസ്എൽസി, പ്ലസ്ടു ഫുൾ എ പ്ലസ്’ എന്നും താഴെ ‘മഞ്ഞളാംകുഴി അലി എംഎൽഎ അഭിനന്ദനങ്ങൾ’ എന്നുമാണ് എഴുതിയത്.

എഴുതിയത് അങ്ങനെയാണെങ്കിലും വായിക്കേണ്ടത് ‘എംഎൽഎയുടെ അഭിനന്ദനങ്ങൾ’ എന്നാണെന്നൊക്കെ കുട്ടിനേതാക്കൾ പറഞ്ഞു നോക്കുന്നുണ്ട്. പക്ഷേ  വാട്സാപ് ഗ്രൂപ്പുകളിൽ ട്രോൾ മഴയാണെന്നുമാത്രം. എംഎസ്എഫ് പ്രവർത്തകർ തയാറാക്കി കുന്നംകുളത്ത് പ്രിന്റ് ചെയ്തു കൊണ്ടുന്ന മൊമെന്റോയുടെ പെട്ടി ചടങ്ങിന് തൊട്ടുമുൻപാണ് പൊട്ടിച്ചതെന്നും അബദ്ധം അപ്പോൾത്തന്നെ ശ്രദ്ധയിൽപ്പെട്ടെങ്കിലും വേറെ വഴിയില്ലായിരുന്നെന്നുമാണ് നേതാക്കൾ പറയുന്നത്.  സമ്മാനം വാങ്ങി എംഎൽഎയോടൊപ്പം സെ‍ൽഫിയെടുത്തു മടങ്ങിയ വിദ്യാർഥികൾക്കും ‘അതൊന്നും വല്യ ഇഷ്യൂ ആയില്ല’ എന്നും ചിരിയോടെ കൂട്ടിച്ചേർക്കുന്നു. എന്തായാലും ട്രോളിലൂടെയാണെങ്കിലും പരിപാടിക്ക് നല്ല ‘കവറേജ്’ കിട്ടിയല്ലോ എന്ന് ആശ്വസിക്കുന്നവരുമുണ്ട്.