സഞ്ചാരികളെ ആകർഷിച്ച് ആനക്കുളത്തെ ആനക്കൂട്ടം

അവധിക്കാലം ആസ്വദിക്കാന്‍ മൂന്നാറിലേക്ക് എത്തുന്ന സഞ്ചാരികളുടെ പ്രധാന ഇടത്താവളമായി മാറുകയാണ് ഇടുക്കി മാങ്കുളത്തുള്ള ആനക്കുളം.  കൂട്ടമായെത്തുന്ന കാട്ടനകളും,  പച്ചപ്പും കാട്ടുചോലകളുമെല്ലാമാണ് ആനക്കുളത്തിന്റെ സവിശേഷത.  

ഇടുക്കി ജില്ലയിലെ മാങ്കുളത്താണ് ആനക്കുളം. മൂന്നാറിനടുത്തുള്ള  പ്രദേശമെങ്കിലും മൂന്നാറിനോളം പരിഷ്ക്കാരിയല്ല മാങ്കുളം.   സഞ്ചാരികളുടെയും ആനപ്രേമികളുടെയും ഇഷ്ട ഇടമാണ് ഇത്. പേരുപോലെ തന്നെ ആനകളുടെ വിഹാര കേന്ദ്രം.  ഇവിടെ തൊട്ടടുത്ത് ആനക്കൂട്ടത്തെക്കാണാം. വേനല്‍ക്കാലത്താണ് ഇവിടെ ആനക്കാഴ്ച്ച നിറയുന്നത്.  വനത്തിനുള്ളില്‍ നിന്ന്  നിത്യവും ദാഹജലം തേടി പുറം ലോകത്തെത്തുന്ന ഗജവീരന്‍മാര്‍ ആനക്കുളത്തിന്റെ വിനോദസഞ്ചാര മേഖലയെ സജീവമാക്കി നിര്‍ത്തുന്നു.

കാടിനേയും നാടിനേയും വേര്‍തിരിക്കുന്ന ഈറ്റച്ചോലയാറില്‍ നിന്ന്  തുമ്പിക്കൈയ്യില്‍ കരിവീരന്‍മാര്‍ വെള്ളം കോരി കുടിക്കുമ്പോള്‍ കുളിര്‍ക്കുന്നത്  ഇവിടെയെത്തുന്ന  സഞ്ചാരികളുടെ മനസ് കൂടിയാണ്. എന്നാല്‍ അടിസ്ഥാന സൗകര്യങ്ങളുടെ പോരായ്മയാണ് വെല്ലുവിളി. അടിസ്ഥാന സൗകര്യങ്ങള്‍ കൂടിയൊരുക്കിയാല്‍ ജില്ലയുടെ വിനോദസഞ്ചാര മേഖലയ്ക്ക് മൂതല്‍ക്കൂട്ടായിമാറും ഈ പ്രദേശം.