ഗര്‍ഭിണിയായതിന്റെ പേരില്‍ ആമസോണ്‍ ജീവനക്കാരിയെ പിരിച്ചുവിട്ടു, പ്രതിഷേധം

ഗർഭിണിയായതിന്റെ പേരിൽ ആമസോണിൽ നിന്നും ജീവനക്കാരിയെ പിരിച്ചുവിട്ടെന്ന് പരാതി. യുഎസിലുള്ള യുവതിയാണ് ഇതുസംബന്ധിച്ച് ആമസോണിനെതിരെ കോടതിയിൽ പരാതി നൽകിയിരിക്കുന്നത്. കമ്പനിയുടെ ഗോഡൗണിലെ ജീവനക്കാരിയാണ് ബെവർലി റൊസേയ്സ്. 

ഗർഭിണിയായതോടെ ഈ വിവരം കമ്പനിയുടെ മാനേജരെ ബെവർലി അറിയിച്ചു. ഭാരമുള്ള വസ്തുക്കൾ പൊക്കുകയും പാക്ക് ചെയ്യുകയുമാണ് ഗോഡൗണിലെ ജോലി, അതിൽ നിന്നും തന്നെ മറ്റ് ഏതെങ്കിലും വിഭാഗത്തിലേക്ക് മാറ്റണമെന്നും ബെവർലി ആവശ്യപ്പെട്ടു. ഈ ആവശ്യം പരിഗണിച്ചില്ലെന്ന് മാത്രമല്ല, രണ്ടുമാസത്തിനുള്ളിൽ നിസാര കാരണം പറഞ്ഞ് തന്നെ പറഞ്ഞുവിട്ടെന്നാണ് ബെവർലിയുടെ പരാതി. പത്തുമണിക്കൂറാണ് ബെവർലിയുടെ ജോലി സമയം. മാനേജരോട് വിവരം പറയുമ്പോൾ തന്നെ അദ്ദേഹത്തിന് ഇഷ്ടമാകില്ലെന്ന് ഭയന്നിരുന്നുവെന്ന് ബെവർലി പറയുന്നു.

വിവരം അറിയിച്ച ശേഷം ചെറിയ കാര്യങ്ങൾക്ക് പോലും അകാരണമായി ശകാരിക്കുമായിരുന്നുവെന്നും ബെവർലി പറഞ്ഞു. കഴിഞ്ഞ ആറുവർഷത്തിനുള്ളിൽ എട്ടു യുവതികളെയും ഗർഭിണിയാണെന്ന കാരണം പറഞ്ഞ് പിരിച്ചുവിട്ടിട്ടുണ്ടെന്ന് മാധ്യമങ്ങൾ കണ്ടെത്തി. ഇവരും കേസ് നൽകിയിരുന്നെങ്കിലും അതെല്ലാം കോടതിക്ക് പുറത്ത് ഒത്തുതീർപ്പാക്കി.

എന്നാൽ ഗർഭിണിയാണെന്ന കാരണം പറഞ്ഞ് ആരെയും പിരിച്ചുവിട്ടിട്ടില്ലെന്നാണ് കമ്പനിയുടെ നിലപാട്. ഗർഭിണികളോട് അനുഭാവപൂർവ്വമായിട്ട് മാത്രമാണ് പെരുമാറിയിരുന്നതെന്നും അവർക്ക് വേണ്ട അവധിയും ആനുകൂല്യങ്ങളും നൽകാറുണ്ടെന്നും കമ്പനി പറയുന്നു. എന്നാൽ കോടതിയ്ക്ക് പുറത്ത് ഒത്തുതീർപ്പാക്കിയ കേസുകളെക്കുറിച്ച് യാതൊന്നും സംസാരിക്കാൻ കമ്പനി അധികൃതർ താൽപര്യപ്പെടുന്നില്ല.