9 പേരെ കൊല്ലാൻ 8 പേജിൽ ആസൂത്രണം; രണ്ട് പെൺകുട്ടികൾ പിടിയിൽ

ഒൻപതുപേരെ കൊല്ലാൻ പദ്ധതി തയാറാക്കിയ രണ്ട് പെൺകുട്ടികൾ പിടിയിൽ. പതിനാലുവയസുകാരായ പെൺകുട്ടികളാണ് അമേരിക്കയിലെ ഫ്ലോറിഡയിൽ അറസ്റ്റിലാകുന്നത്. ഇവരുടെ സ്കൂൾ കംപ്യൂട്ടറിലെ ഫോൾഡറുകൾ അധ്യാപിക പരിശോധിച്ചതോടെയാണ് ക്രൂരപദ്ധതി പുറുംലോകം അറിയുന്നത്. വ്യത്യസ്ത ഫോൾഡറുകളിലായി എട്ടുപേജിലായിരുന്നു ആസൂത്രണ കുറിപ്പ്.

പ്രൈവറ്റ് ഇൻഫോ,  ഡു നോട്ട് ഓപ്പൺ, പ്രോജക്ട് 11/9 എന്നിങ്ങനെയാണ് ഫോൾഡറുകൾക്ക് പേര് നൽകിയിരുന്നത്. ഇവയിൽ സംശയം തോന്നിയതുകൊണ്ടാണ് അധ്യാപിക തുറന്നുനോക്കിയത്. എട്ടുപേജുകളിൽ എങ്ങനെ കൊല്ലണം, കൊല്ലേണ്ടത് ആരെയൊക്കെ, ഏതൊക്കെ തോക്ക് ഉപയോഗിക്കാം, മൃതദേഹങ്ങൾ കത്തിച്ച് തെളിവുകൾ എങ്ങനെ നശിപ്പിക്കാം എന്നീ കാര്യങ്ങൾ എഴുതിയിട്ടുണ്ട്. മറ്റൊന്നിൽ ധരിക്കേണ്ട വസ്ത്രങ്ങളെക്കുറിച്ച് പോലും വ്യക്തമായി എഴുതിയിട്ടുണ്ട്. പെൺകുട്ടികളാണെന്ന് മനസിലാകാതിരിക്കാൻ തലമുടി കാണാത്ത വിധം വസ്ത്രം ധരിക്കണമെന്ന് എഴുതിയിട്ടുണ്ട്. ഇവരുടെ സ്വന്തം കൈപ്പടയിലാണ് എഴുതിയിരിക്കുന്നത്. ഫോൾഡറുകൾ പരിശോധിക്കുന്ന സമയത്ത് വിദ്യാർഥികൾ പരിഭ്രാന്തരായിരുന്നു. പിടിക്കപ്പെട്ടാൽ ഇത് വെറും തമാശയാണെന്ന് പറയുമെന്ന് ഒരു കുട്ടി ശബ്ദം താഴ്ത്തി പറയുന്നത് കേട്ടെന്നും അധ്യാപിക പറയുന്നത്.

ആളുകളെ കൊല്ലണമെന്ന് കരുതുന്നത് തമാശയായി കാണാൻ സാധിക്കില്ലെന്നാണ് അധികാരികൾ പറയുന്നത്. പെൺകുട്ടികൾക്കെതിരെ ആസൂത്രണം, തട്ടികൊണ്ടുപോകൽ തുടങ്ങി ഒമ്പതുകുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.