ഒന്നുകാണാൻ കൊതിച്ചു; ചേർത്തുനിർത്തി രാഹുലും പ്രിയങ്കയും; വിശ്വസിക്കാനാകാതെ എൽസി

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വയനാട്ടിൽ എത്തുന്നുണ്ടെന്ന് അറിഞ്ഞപ്പോൾ മുതൽ അറുപത്തിയെട്ടുകാരി എൽസിക്ക് ഒരാഗ്രഹം. രണ്ടുപേരെയും നേരിട്ടൊന്ന് കാണണം. മക്കളോട് ആഗ്രഹം പറഞ്ഞു. പ്രായോഗിക ബുദ്ധിമുട്ടുകൾ മൂലം ആ ആഗ്രഹം നിറവേറ്റിക്കൊടുക്കാനാകുമെന്ന് മക്കൾക്കും ഉറപ്പില്ലായിരുന്നു. ആസ്മ ഉൾപ്പെടെയുള്ള ശാരീരിക പ്രശ്നങ്ങൾ മൂലം കൽപ്പറ്റ വരെ പോകാൻ പറ്റുമോ, പോയാൽ തന്നെ കാണാൻ പറ്റുമോ എന്ന ആശങ്കയിലായിരുന്നു എൽസി. കൈതക്കൊല്ലി കോളനി നിവാസിയാണ് എൽസി. 

രാഹുലിന്റെ വരവിന് തലേദിവസം ആശുപത്രിയിൽ പോയപ്പോഴാണ് ഇക്കണോമിക്സ് ടൈംസ് ഓണ്‍ലൈൻ റിപ്പോർട്ടർ ഇന്ദുലേഖ അരവിന്ദിനെ എൽസി കണ്ടത്. മാധ്യമപ്രവർത്തകയാണ് എന്നറിഞ്ഞതോടെ തന്റെ ആഗ്രഹം  എൽസി പങ്കുവെച്ചു. പിന്നീട് നടന്നത് എല്‍സിക്ക് ഇപ്പോഴും വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല.

എൽസിയുടെ ആവശ്യം ശ്രദ്ധയിൽപ്പെടുത്തി ഇന്ദുലേഖ കഴിഞ്ഞദിവസം ട്വീറ്റ് ചെയ്തിരുന്നു. കോണ്‍ഗ്രസ് മീഡിയ സെല്‍ ലീഡർ ദിവ്യ സ്പന്ദനയെയും ഐഎൻസികേരളയെയും ടാഗ് ചെയ്തായിരുന്നു അനുപമയുടെ ട്വീറ്റ്. പിന്നാലെ എൽസിയുടെ വിവരങ്ങൾ തിരക്കി ദിവ്യയുടെ മറുപടി ട്വീറ്റെത്തി. തുടര്‍ന്ന് കെ സി വേണുഗോപാലിന് വിവരം കൈമാറി. കൽപ്പറ്റയിലെ പ്രാദേശിക നേതൃത്വവുമായി ബന്ധപ്പെട്ട് കൂടിക്കാഴ്ചക്ക് അവസരമൊരുക്കി.

കോഴിക്കോട് നിന്ന് ഹെലികോപ്റ്റർ മാർഗം പുറപ്പെട്ട രാഹുലും പ്രിയങ്കയും കല്‍പ്പറ്റ എസ്കെഎംജെ സ്കൂൾ ഗ്രൗണ്ടിലിറങ്ങി ആദ്യം കണ്ടത് എൽസിയെ. എൽസിയെ രാഹുലും പ്രിയങ്കയും ചേർത്തുനിർത്തി. സന്തോഷം കൊണ്ട് കരഞ്ഞുപോകുന്ന അവസ്ഥയായിരുന്നെന്ന് എൽസി മനോരമ ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു. ഹിന്ദിയും ഇംഗ്ലീഷും അറിയില്ലാത്തതുകൊണ്ട് രാഹുലിനോടും പ്രിയങ്കയോടും ഒന്നും സംസാരിക്കാൻ കഴിയാത്തതിന്റെ വിഷമമാണ് ഇപ്പോൾ എൽസിക്ക്. ഒപ്പമുണ്ടായിരുന്ന കൊച്ചുമകൾ പ്രിയക്കും പ്രിയ നേതാക്കളെ അടുത്ത് കണ്ടതിന്റെ സന്തോഷം. വീണ്ടും കാണാമെന്ന വാക്കാലാണ് എല്‍സി പ്രിയനേതാക്കളോട് യാത്ര പറഞ്ഞത്.

വയനാട്ടിൽ രാഹുൽ ജയിക്കുമെന്നും ഇന്ത്യയുടെ പ്രധാനമന്ത്രിയാകുമെന്നുമാണ് എൽസി പറയുന്നത്.