സ്കൂൾ നേരത്ത് പാഞ്ഞ് ടിപ്പറുകൾ; മാസായി തടഞ്ഞ് പെൺകുട്ടികൾ; കയ്യടി

ചിത്രം കടപ്പാട്; ഫെയ്സ്ബുക്ക്

വലിയ കൊമ്പൻമാരെ കൊണ്ട് സാധിക്കാത്തത് ചിലപ്പോൾ ചെറിയ പിള്ളേരെ കൊണ്ട് സാധിക്കും. പലപ്പോഴും പറഞ്ഞു കേട്ടിട്ടുള്ള ഇൗ വാചകത്തിന് അടിവരയിടുകയാണ് ഇൗ സ്കൂൾ കുട്ടികൾ. സ്കൂൾ സമയങ്ങളിൽ ഭീതികരമായി പായുന്ന ടിപ്പർ ലോറികൾ വലിയ ഭീഷണിയായി വന്നതോടെയാണ് അവരെ ചെറുക്കാൻ വിദ്യാർഥികൾ തന്നെ രംഗത്തെത്തിയത്. അങ്കമാലി പാലിശേരി ഗവൺമെന്റ് ഹൈസ്കൂളിലെ വിദ്യാർഥിനികൾ ഉൾപ്പെട്ട സംഘമാണ് ടിപ്പർ ലോറികൾക്ക് മുന്നിൽ സൈക്കിൾ കുറുകെ വച്ച് പ്രതിഷേധിച്ചത്. ഇൗ ചിത്രങ്ങൾ സോഷ്യൽ ലോകത്തും ഇപ്പോൾ വൈറലായിരിക്കുകയാണ്.

രാത്രിയെന്നോ പകലെന്നോയില്ലാതെ ടിപ്പർ ലോറിയുടെ മരണപാച്ചിലാണ് ഇവിടെ. നടന്നും സൈക്കിളിലും സ്കൂൾ കുട്ടികൾ പോകുന്ന സമയത്തും നിയമം ലംഘിച്ച് ടിപ്പർ ലോറികൾ സർവീസ് നടത്തും. പരാതി പറഞ്ഞിട്ടും മാതപിതാക്കൾ ടിപ്പർ ലോറിക്കാരെ തടഞ്ഞുനിർത്തി കാര്യങ്ങൾ ധരിപ്പിച്ചിട്ടും ഇൗ ഒാട്ടിത്തിന് മാത്രം ഒരു കുറവും വന്നില്ല. ഇതോടെയാണ് ടിപ്പർ ലോറികളെ തടയാൻ വിദ്യാർഥികൾ തന്നെ മുന്നോട്ട് വന്നത്. 

സ്കൂൾ ബാഗും യൂണിഫോമും സൈക്കിളുമായി റോഡിന്റെ നടുക്ക് തന്നെ വിദ്യാർഥിനികൾ അടക്കം അണിനിരന്നു. സൈക്കിൾ കുറുകെയിട്ട് മാസായി കുട്ടികൾ നിന്നപ്പോൾ ചെയിൻ പോലെ എത്തിയ ടിപ്പർ ലോറികളും സഡൻ ബ്രേക്കിട്ടു. ഇൗ ചിത്രങ്ങൾ മാതാപിതാക്കൾ തന്നെ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതോടെ വലിയ ചർച്ചയായിരിക്കുകയാണ്.  ഇതോടെ പ്രശ്നത്തിന് പരിഹാരമാകുമെന്നാണ് ഇവരുടെ വിശ്വാസം.