ആക്രമണം കേന്ദ്രസർക്കാരിന്റെ പരാജയമോ; 'സംഘി'കളോട് ബൽറാം പറയുന്നു; കുറിപ്പ്

കശ്മീരിലെ പുൽവാമയിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ രാഷ്ട്രീയം പറയാതെ കേന്ദ്രസർക്കാരിനെ പരോക്ഷമായി വിമർശിച്ച് കോണ്‍ഗ്രസ് നേതാവും എംഎൽഎയുമായ വി ടി ബൽറാം. ഭീകരവാദികൾക്കെതിരെ ശക്തമായ നടപടി എടുക്കുമെന്ന പ്രതീക്ഷയിൽ കേന്ദ്രസർക്കാരിനെ പിന്തുണക്കുന്നുവെന്ന് ബൽറാം പറയുന്നു. 

പ്രളയം മഹാപ്രളയമായി മാറിയതിന് പിറകിലെ സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേടും ഡാം മാനേജ്മെൻറിലെ വീഴ്ചകളും ചർച്ച ചെയ്തത് പോലെ ഈ ഭീകരാക്രമണത്തിന് വഴിവച്ചത് കേന്ദ്ര സർക്കാരിന്റെ ഇന്റലിജൻസ് പരാജയമാണോ എന്ന ചർച്ച ഒരു ജനാധിപത്യത്തിൽ സ്വാഭാവികമായി ഉയർന്നുവരുമെന്നും പക്ഷേ അത് ഇന്നല്ല, നാളെയെന്നും ബൽറാം കുറിച്ചു. 

കുറിപ്പിന്റെ പൂർണരൂപം വായിക്കാം: 

പ്രളയത്തിന്റെ സമയത്ത് രാഷ്ട്രീയം പറയാമോ എന്ന സിപിഎമ്മുകാരുടെ ചോദ്യത്തിന് ഏതാണ്ട് സമാനമാണ് ഭീകരാക്രമണ സമയത്ത് രാഷ്ട്രീയം പറയാമോ എന്ന സംഘികളുടേയും ചോദ്യം.

ഈ സമയത്ത് രാഷ്ട്രീയം പറയുന്നില്ല എന്നത് തന്നെയാണ് ഞങ്ങളുടെ തീരുമാനം. അതിന് കാരണം ഈ സമൂഹത്തോടും രാജ്യത്തോടുമുള്ള സ്നേഹവും കടപ്പാടുമാണ്. കർത്തവ്യ നിർവ്വഹണത്തിനിടയിൽ വീരമൃത്യു വരിച്ച നാൽപ്പതോളം ഇന്ത്യൻ ജവാന്മാർക്കും അവരുടെ ദു:ഖാർത്തരായ കുടുംബാംഗങ്ങൾക്കുമൊപ്പമാണ് ഇപ്പോൾ നമ്മളെല്ലാം. അവരുടെ ത്യാഗം പാഴായിപ്പോകാതെ, ഭീകരവാദികൾക്കെതിരെ ശക്തവും ഫലപ്രദവുമായ നടപടി എടുക്കുമെന്ന പ്രതീക്ഷയിൽ രാജ്യത്തിന്റെ സർക്കാരിനും പിന്തുണ നൽകുന്നു.

പ്രളയം മഹാപ്രളയമായി മാറിയതിന് പിറകിലെ സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേടും ഡാം മാനേജ്മെൻറിലെ വീഴ്ചകളും ചർച്ച ചെയ്തത് പോലെ ഈ ഭീകരാക്രമണത്തിന് വഴിവച്ചത് കേന്ദ്ര സർക്കാരിന്റെ ഇന്റലിജൻസ് പരാജയമാണോ എന്ന ചർച്ച ഒരു ജനാധിപത്യത്തിൽ സ്വാഭാവികമായി ഉയർന്നുവരും. പക്ഷേ അത് ഇന്നല്ല, നാളെ.