അത്തരം നാണംകെട്ടവളെ കെട്ടുന്നതിലും നല്ലത് അടിമയെ വാങ്ങുന്നത്; രോഷനടുവിൽ ഖാസിമിന്റെ പ്രസംഗം

തിരുവനന്തപുരം തൊളിക്കോട് പോക്സോ കേസില്‍ പ്രതിയായ മുന്‍ ഇമാം ഷെഫീഖ് അല്‍ ഖാസിമിന്റെ വിവാദ പ്രസംഗം വൈറലാകുന്നു. വിവാഹതിരാകാൻ തയാറെടുക്കുന്ന ചെറുപ്പകാർക്കുള്ള ഉപദേശരൂപേണയാണ് പ്രസംഗം. പുത്തൻ ആശയത്തിന്റെ പിന്നാലെ പോകുന്ന, സിനിമാനടിമാരുടെ സംസ്കാരശൂന്യതയുള്ള പെൺകുട്ടിയെ വിവാഹം കഴിക്കരുതെന്ന് പറയുന്നു. ആധുനികത സ്വീകരിച്ച നാണംകെട്ടപ്പെണ്ണിനെ വിവാഹം കഴിക്കരുത്. അങ്ങനെയുള്ള പെണ്ണിനെ കെട്ടുന്നതും നല്ലത് അടിമകച്ചവടത്തിൽ നിന്നും കാശ് കൊടുത്ത് ഒരു അടിമപ്പെണ്ണിനെ വാങ്ങുന്നതായിരിക്കും. സൗന്ദര്യത്തിലും പണത്തിലും ഭ്രമിക്കരുത്.

പെൺകുട്ടികളുടെ യോഗ്യതയ്ക്ക് അനുസരിച്ചുള്ള ചെറുക്കനെ കാത്തിരിക്കുന്ന അച്ഛൻമാർക്കുമുണ്ട് ഉപദേശമുണ്ട്. മദ്രസയിൽ പോകാതെ സിനിമ കാണാൻ പോകുന്ന, കൂട്ടുകാരനൊപ്പം കുപ്പിപൊട്ടിക്കുന്ന നാണംകെട്ട സംസ്കാരമുള്ള ചെറുപ്പകാർക്ക് മക്കളെ കൊടുക്കരുത്. ബൈക്കിന്റെ പിന്നില്‍ കയറി ടൗണില്‍പോയി സിനിമാ കാണാന്‍ ക്യൂ നില്‍ക്കുമ്പോള്‍ ഭാര്യയുടെ മാംസളമായ ശരീരം പ്രകടിപ്പിക്കുന്നവര്‍, പർദ മാറ്റാൻ നിർബന്ധിക്കുന്ന ആണും പെണ്ണും കെട്ട യുവാവിനെ മകളെ നൽകരുത്. ഇങ്ങനെ ചെയ്താൽ അവളെ നരകത്തിലേയ്ക്കായിരിക്കും കൊണ്ടുപോകുന്നത്- ഇങ്ങനെ പോകുന്നു മുൻ ഇമാമിന്റെ അധിക്ഷേപ ഉപദേശം.

വ്യാഴാഴ്ച ഉച്ചയ്ക്ക് പേപ്പാറ വനത്തോട് ചേര്‍ന്ന ആളൊഴിഞ്ഞ റബര്‍ തോട്ടത്തില്‍ ഇമാമിനെയും 14 വയസുള്ള പെണ്‍കുട്ടിയെയും ദുരൂഹസാഹചര്യത്തില്‍ തൊഴിലുറപ്പ് സ്ത്രീകള്‍ കണ്ടതാണ് കേസിനാസ്പദമായത്. പീഡിപ്പിക്കാനാണ് കൂട്ടിക്കൊണ്ടുവന്നതെന്ന് ആരോപണം  പള്ളി കമ്മിറ്റി നടത്തിയ അന്വേഷണത്തില്‍ ശരിവയ്ക്കുകയും ഇമാം സ്ഥാനത്ത് നിന്ന് മാറ്റുകയും ചെയ്തിരുന്നു.