‘പേരന്‍പി’ന് കയ്യടിക്കുന്നവരേ, ഇനിയെങ്കിലും നിങ്ങള്‍ ചേര്‍ത്തുപിടിക്കുമോ ഇവരെ..?

പേരന്‍പ് പുതിയ ചരിത്രമെഴുതുമ്പോള്‍ ആ സിനിമയിലേക്ക് ട്രാന്‍സ് നായികക്ക് വഴിതുറക്കാന്‍ നിമിത്തമായ മനോരമ ന്യൂസിലെ മാധ്യമപ്രവര്‍ത്തകന്‍ വി.എസ്.രഞ്ജിത്ത് എഴുതുന്നു

കോഴിക്കോട് കൈരളി തിയ്യറ്ററിൽ നിറയെ ആളുകൾ. റിലീസിന് മുന്നേ ഏറെ പ്രതീക്ഷയുയര്‍ത്തിയ പേരന്‍പ് കാണാനെത്തിയവര്‍. മമ്മൂട്ടിയെന്ന മഹാനടന്റെ നടനവൈഭവം കാണാനെത്തിയ ആരാധകർ. സ്ക്രീനിൽ മമ്മൂട്ടിയുടെ മാസ്മരിക പ്രകടനങ്ങൾ കണ്ട് കയ്യടിക്കുന്നവർ, എല്ലാവരും മമ്മൂട്ടിയെ കാണുമ്പോൾ ഞാൻ കാത്തിരുന്നത് പേരന്‍പിനെ എനിക്ക് പ്രിയപ്പെട്ടതാക്കിയ അഞ്ജലി അമീറിന്റെ വരവിന് വേണ്ടി. അമുദവനെയും മകൾ പാപ്പായെയും സഹായിക്കാനെത്തിയവരിൽ ഓരോരുത്തരായി തിരിച്ചു പോകുമ്പോൾ അമുദവൻ സങ്കടം സഹിക്കാനാകാതെ വിങ്ങിപ്പൊട്ടി. അപ്പോഴൊക്കെയും അഞ്ജലിയുടെ വരവിനായി കൂടി ഞാന്‍ കാത്തിരുന്നു. മനുഷ്യൻ ഹാ എത്ര നിസ്സഹായനായ ജീവി, എത്ര നിസ്സാരമായ ജീവിതമെന്ന് പേരന്‍പ് ഓരോ ഫ്രെയിമിലും നമ്മളോട് പറയുന്നുണ്ട്. 

അതിജീവന കലയാണ് ജീവിതമെന്ന് അമുദവൻ പഠിപ്പിക്കുന്നു. ഭിന്നശേഷിക്കാരിയായ മകളുടെ സ്നേഹം കൊതിക്കുന്ന അച്ഛൻ, അവളെ ചിരിപ്പിയ്ക്കാൻ സാന്ത്വനിപ്പിക്കാന്‍ വേഷം കെട്ടിയാടുകയാണ്. അൽപം പോലും ദയ കാണിക്കാത്ത ആൾക്കൂട്ടത്തിൽ നിന്നും അകന്ന് പ്രകൃതിയുടെ മടിത്തട്ടിൽ ഒരച്ഛനും മകളും "മനുഷ്യരായി " ജീവിക്കുകയാണ്. അല്ല അതിജീവിക്കുകയാണ്, മകളുടെ വളർച്ച അയാളെ അസ്വസ്ഥനാക്കുന്നു. ഉറ്റവരും ഭാര്യയും തനിച്ചാക്കി പോയി, ബന്ധുത്വം അഭിനയിച്ചെത്തിയവൾ ഉള്ളതെല്ലാം ചതിയിലൂടെ സ്വന്തമാക്കി. മകളുടെ പെണ്ണുടലിൽ വസന്തത്തിന്റെ വരവറിയിക്കുമ്പോൾ അയാളും മകളും തെരുവിലാണ്, നഗരത്തിന്റെ അരക്ഷിതത്വത്തിൽ അയാൾ മകളെ നെഞ്ചോട് ചേർത്തു , നെഞ്ചിൽ തീക്കോരിടുന്ന അഭിനയ മുഹൂർത്തങ്ങളിൽ അമുദവൻ ഒരു വികാര ബോംബുപോലെ തലച്ചോറിൽ നിറഞ്ഞു. കെയർ ഹോമിൽ മകളെ താമസിപ്പിച്ച് ടാക്സി ഡ്രൈവറായി ജോലി ചെയ്യുന്ന അമുദവൻ മീരയെ കണ്ടുമുട്ടുന്ന രംഗം ആ സിനിമയിലെ ഏറ്റവും വികാരാർദ്രമായ സന്ദർഭങ്ങളിലൊന്നാണ്. പേരന്‍പ് എന്ന സിനിമ വികസിക്കുന്നതും അതിന്റെ പൂർണതയിൽ ലയിക്കുന്നതും മീര എന്ന അഞ്ജലിയുടെ കഥാപാത്രത്തിലേക്കാണ്. 

പേരന്‍പിന്റെ കഥാഗതി അവിടെ മുതൽ കൂടുതല്‍ ചടുലമാകുന്നുണ്ട്. അവിചാരിതമായി കണ്ടുമുട്ടിയ ട്രാൻസ്ജെൻഡർ പെൺകുട്ടി അമുദവന്റെ ജീവിതത്തിലേക്ക് കടന്നു വരുന്നതും സ്വാഭാവികത നഷ്ടപ്പെടാതെ നമുക്ക് കണ്ടിരിക്കാം. ഒരു പക്ഷെ അമുദവനെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവന്ന മീരയ്ക്ക് പകരം കിട്ടിയത് അവൾ സ്വപ്നം കണ്ട ജീവിതമായിരുന്നിരിക്കണം. ആഗ്രഹങ്ങൾക്കൊന്നും വഴങ്ങാത്ത ശരീരവുമായി ഭിന്നശേഷിക്കാരിയായി ജനിച്ച പെൺകുട്ടിയ്ക്കും മീരയെന്ന കഥാപാത്രത്തിനും സമാനതകളുണ്ട്. രണ്ടു പേർക്കും ഉടലും മനസ്സും രണ്ട് ധ്രുവങ്ങളിലാണ്, ട്രാൻസ്ജെൻഡറായി ജീവിക്കുന്ന മീരയിലെ പെൺ മനസ്സിനെ ലോകം അംഗീകരിച്ചിട്ടില്ല, ഉടലാണ് പ്രശ്നം. ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി പെണ്ണുടൽ സ്വീകരിച്ചതാവണം മീര, ഋതുമതിയായ പെൺ മനസ്സ് ആവശ്യപ്പെടുന്നതൊന്നും കിട്ടാൻ സഹായിക്കാത്ത ശരീരമാണ് പാപ്പായുടെയും പ്രശ്നം. 

വി.എസ്.രഞ്ജിത്ത് അഞ്ജലി അമീറിനൊപ്പം

പാപ്പായുടെ ജീവിതത്തിൽ താങ്ങായും തണലായും നിൽക്കാൻ മീര തീരുമാനിക്കുമ്പോൾ സ്വപ്നങ്ങളിൽ വന്നു പോകുന്ന പുരുഷനെയാണ് അമുദവനിലൂടെ മീരയ്ക്ക് കിട്ടിയത്. മമ്മൂട്ടിയെ പോലെ ഒരു മഹാനടന്റെ ഒപ്പം ആദ്യമായി കാമറയ്ക്ക് മുന്നിൽ നിൽക്കുന്ന യാതൊരു പകപ്പും കൂടാതെ അഞ്ജലി അഭിനയിച്ചു, നോട്ടത്തിലും നടത്തത്തിലും സംഭാഷണത്തിലും മീരയെ സ്വാംശീകരിച്ച പ്രകടനം, ആഴമുള്ള ട്രാൻസ് വേഷങ്ങൾ കിട്ടിയാൽ ഇനിയും അഭിനയിക്കുമെന്ന് അഞ്ജലി പറഞ്ഞിട്ടുണ്ട്. സിനിമ മാത്രം സ്വപ്നം കണ്ട് ജീവിച്ച അഞ്ജലിയെന്ന ഒരു ട്രാൻസ് പെൺകുട്ടിയുടെ ജീവിത സാഫല്യം കൂടിയാണ് പേരന്‍പ്. മനോരമ ന്യൂസിന്റെ ന്യൂസ് സ്‌റ്റോറി കണ്ട് മമ്മൂട്ടിയാണ് അഞ്ജലിയെ പേരന്‍പിലേക്ക് നിർദ്ദേശിച്ചത്. ആ വാർത്ത റിപ്പോർട്ട് ചെയ്ത മാധ്യമ പ്രവർത്തകൻ എന്ന ബന്ധം കൂടി പേരന്‍പുമായി വൈകാരികമായി എന്നെ ചേര്‍ത്തുനിര്‍ത്തുന്നു.

അമുദവന്‍റെ കാറില്‍ ഒരു ലിഫ്റ്റിനെന്ന വ്യാജേന കയറുന്ന മീര കാറിന്റെ ഗ്ലാസുകള്‍ താഴ്ത്തി പുറത്തേക്ക് തലയിട്ട് കണ്ണടച്ച് കാറ്റുകൊള്ളുന്ന ഒരു രംഗമുണ്ട്. ഒരിക്കലും കിട്ടില്ലെന്ന് ഉറപ്പുള്ള ഒരു ജീവിതം സ്വപ്നം കാണുന്ന പെണ്‍കുട്ടിയെ നമുക്കവിടെ കാണാം. അമുദവന്‍ വീട്ടില്‍ വരുമ്പോള്‍ ഏതോ പ്രിയപ്പെട്ടവന്‍ വന്നിരിക്കുന്നു എങ്ങനെ സ്വീകരിക്കേണ്ടുവെന്ന് വെപ്രാളപ്പെടുന്ന ഒരു പെണ്ണിനെ നമുക്ക് കാണാം,അമുദവന്‍ വീട്ടിലില്ലാത്ത സമയത്ത് വീട് തുറന്ന് അകത്തുകയറിയ മീര പാപ്പയെ അത്താഴംകൊടുത്ത് ഉറക്കുന്നുണ്ട് ,പ്രിയപ്പെട്ടവന്റെ മകളെ ഊട്ടിയുറക്കാന്‍ കൊതിക്കുന്ന ഒരമ്മയെ ആ രംഗങ്ങളില്‍ മീരയില്‍ കാണാം.ആട്ടിയോടിക്കപ്പെടുന്നത് പുത്തരിയാകില്ല പക്ഷെ അമുദവന്‍ ആട്ടിയിറക്കുമ്പോള്‍ മീര വല്ലാണ്ടെ പരിഭ്രാന്തയാകുന്നുണ്ട്. പറയാതെ പറയുന്ന ഒരു പ്രണയം അമുദവനോട് മീരയ്ക്കുണ്ട്.ഒരാണിനെ ഇഷ്ടങ്ങളില്‍ വീഴുന്ന ശരീരമല്ല,അമ്മയാകാനുള്ള ശേഷിയുമില്ല പക്ഷെ നിറയെ സ്നേഹമുണ്ട് പകരമൊന്നും കൊതിക്കാത്ത സ്നേഹം അതാണ് പേരമ്പ്,അമുദവനും മീരയും തമ്മിലുള്ള ഉദാത്തമായ പ്രണയം

ആദ്യമായി കാമറയ്ക്ക് മുന്നിൽ. അതും പ്രതിഭാധനനായ സംവിധായകൻ. അതിലും മികച്ച നായകൻ. അഞ്ജലിക്ക് അമ്പരപ്പും പേടിയും മാറിയത് സിനിമ റിലീസ് ആയ ശേഷം വന്ന പ്രതികരണങ്ങൾ കേട്ടപ്പോഴാണ്. പേരു പോലെ പേരന്‍പ്(Great love) മഹത്തായ മനുഷ്യസ്നേഹത്തിന്റെ പ്രഖ്യാപനമാണ്, എല്ലവരും മനുഷ്യരാണെന്ന പ്രഖ്യാപനം. ഒപ്പം ഉപാധികളില്ലാത്ത സ്നേഹത്തിന്റെ വലിയ സന്ദേശവും. തെന്നിന്ത്യയിലെ ആദ്യ ട്രാൻസ് നായികയെന്ന ചരിത്രം കൂടിയാണ് പേരന്‍പ്. എല്ലാം തികഞ്ഞവരെന്ന ലോകത്തിന്റെ അഹങ്കാരത്തിന് റാമിന്റെ സ്നേഹപ്രഹരം. സ്ക്രീനിൽ ട്രാൻസ്ജെൻസറായ അഞ്ജലി അമീറിന് സിനിമയുടെ ഒടുവില്‍ കിട്ടുന്ന കയ്യടികള്‍ ഇപ്പോഴും മലയാളി സമൂഹം ചീത്ത വിളിച്ച് മാറ്റി നിര്‍ത്തുന്ന ആ വിഭാഗത്തിന് അംഗീകാരങ്ങളിലേക്കുള്ള വഴി തുറക്കട്ടെ. മഹത്തായൊരു കലാസൃഷ്ടിയില്‍ റാം എന്ന ധീരനായ സംവിധായകനും മഹാനടനായ മമ്മൂട്ടിയും ചേര്‍ത്തുപിടിച്ചു അവരെ. ഇനിയെങ്കിലും നമ്മള്‍ മാറാത്ത സമൂഹം അവരെ ആട്ടിയകറ്റാതിരിക്കുമോ..?