മണവാട്ടിയെപ്പോലെ അനന്യയുടെ മടക്കം; ഒരുക്കി സുഹൃത്തുക്കൾ; നോവും കാഴ്ച

ഫ്ലാറ്റിൽ ആത്മഹത്യ ചെയ്ത നിലയിൽ കാണപ്പെട്ട ട്രാൻസ്ജെൻഡർ അനന്യ കുമാരി അലക്സിന് വേദനയോടെ വിട നൽകി സുഹൃത്തുക്കൾ. അനന്യയുടെ അന്ത്യയാത്ര അവൾ ആഗ്രഹിച്ചതു പോലെ തന്നെ നടന്നു. വിവാഹവേഷത്തിൽ മണവാട്ടിയെപ്പോലെ, കിരീടം ചൂടി പൂക്കളാൽ ചുറ്റപ്പെട്ടാണ് അവസാന യാത്രയ്ക്കായി അനന്യയെ സുഹൃത്തുക്കൾ അണിയിച്ചൊരുക്കിയത്. വേദനയോടെ അല്ലാതെ ആ കാഴ്ച കാണാൻ കഴിയില്ല. ടോമി മാത്യു വടക്കാഞ്ചേരിൽ എന്നയാൾ ഫെയ്സ്ബുക്കിൽ‌ പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

'അവളുടെ ജനനപ്പേരിലും, ജനനത്തിൽ കല്പിക്കപ്പെട്ട ജൻഡറിലുമല്ല ചരമശുശ്രൂഷയിൽ അവൾ വിളിയ്ക്കപ്പെട്ടത്‌. സ്ത്രീയായി, അവൾ സ്വീകരിച്ച പേരായ അനന്യകുമാരിയായി അവൾ പേര് ചൊല്ലി വിളിയ്ക്കപ്പെട്ടു. ചരമ ശുശ്രൂഷ നടത്തിയ പുരോഹിതൻ  തന്നെയാണ് അവളെ മന്ത്രകോടി പുതപ്പിക്കാൻ പ്രേരിപ്പിച്ചതെന്ന് മനസ്സിലാക്കുന്നു'. ടോമി കുറിച്ചു. 

കുറിപ്പ് വായിക്കാം: അനന്യയുടെ അന്ത്യയാത്ര അവൾ ആഗ്രഹിച്ചതു പോലെ നടന്നു. ബ്രൈഡൽ ഡ്രെസ്സിൽ, മണവാട്ടി പോലെ അണിഞ്ഞൊരുങ്ങി, കിരീടം ചൂടി, പൂക്കളാൽ ചുറ്റപ്പെട്ട്... അവളെ അനിയത്തിയായി അവകാശപ്പെട്ട്, ഏറ്റുവാങ്ങി നാട്ടിലെത്തിച്ച വിഹാൻ, ഉള്ളിലെ കനലടക്കി, വിതുമ്പലൊതുക്കി അവളെ ഒരുക്കിയ രഞ്ജുവും കൂട്ടുകാരികളും. They offered us redemption. പക്ഷെ രേഖപ്പെടുത്തേണ്ട ഒന്ന് കൂടിയുണ്ട്:  പള്ളിയിൽ അടക്കപ്പെടണമെന്ന അനന്യയുടെ ആഗ്രഹം മാത്രമല്ല നടന്നത്. അവളുടെ ജനനപ്പേരിലും, ജനനത്തിൽ കല്പിക്കപ്പെട്ട ജൻഡറിലുമല്ല ചരമശുശ്രൂഷയിൽ അവൾ വിളിയ്ക്കപ്പെട്ടത്‌. സ്ത്രീയായി, അവൾ സ്വീകരിച്ച പേരായ അനന്യകുമാരിയായി അവൾ പേര് ചൊല്ലി വിളിയ്ക്കപ്പെട്ടു. ചരമ ശുശ്രൂഷ നടത്തിയ പുരോഹിതൻ  തന്നെയാണ് അവളെ മന്ത്രകോടി പുതപ്പിക്കാൻ പ്രേരിപ്പിച്ചതെന്ന് മനസ്സിലാക്കുന്നു. സെന്റ് ജോസെഫ്‌സ് റോമൻ കാത്തലിക് പള്ളി, മുണ്ടക്കൽ,പെരുമൺ, മരണത്തിൽ നിങ്ങൾ അനന്യക്കനുവദിച്ച അന്തസ്സ്, അതിൽ അനുതാപവും അനുരഞ്ജനവും ഉൾച്ചേർന്നിരിക്കുന്നു.  സല്യൂട്ട്.