ജയിലുകളില്‍ ഇനി ഡ്രാഗണ്‍ ഫ്രൂട്ടും അലങ്കാര മല്‍സ്യങ്ങളും

ജയിലുകളില്‍ ഇനി ഡ്രാഗണ്‍ ഫ്രൂട്ടും അലങ്കാര മല്‍സ്യങ്ങളും. പച്ചക്കറി കൃഷി വലിയ വിജയമായതോടെയാണ് മറ്റ് കൃഷികളിലേക്ക് കടക്കാന്‍ തീരുമാനിച്ചത്. തിരുവനന്തപുരം കുഞ്ഞാലുംമൂട് സ്പെഷ്യല്‍ സബ് ജയിലിലെ കൃഷി ജയില്‍ മേധാവി ആര്‍. ശ്രീലേഖ ഉദ്ഘാടനം ചെയ്തു.

ജയില്‍ മേധാവി തന്നെ മല്‍സ്യക്കുഞ്ഞുങ്ങളെ ജയിലിലേക്ക് സ്വാഗതം ചെയ്തു. വിവിധ തരം അലങ്കാര മല്‍സ്യങ്ങള്‍ മുതല്‍ ആമകള്‍ വരെ...ഇവയെ വളര്‍ത്താനായി പ്രത്യേകം തയാറാക്കിയ ഇടങ്ങള്‍....എല്ലാം മനോഹരമായ പാര്‍ക്ക് പോലെ അലങ്കരിച്ചവ. ഡ്രാഗണ്‍ ഫ്രൂട്ടുകളാണ് ജയിലിലെ കൃഷിയിടത്തിലെ മറ്റൊരു പുത്തന്‍ അതിഥി. അവയ്ക്കമുണ്ട് പ്രത്യേക ഇടങ്ങള്‍. പച്ചക്കറി കൃഷി വന്‍വിജയമായതോടെയാണ് പുതിയ പരീക്ഷണത്തിന് തയാറെടുക്കുന്നത്.

പുത്തന്‍ പരീക്ഷണത്തിനൊപ്പം പഴയതിന്റെ വിളവെടുപ്പ് കൂടിയായപ്പോള്‍ ജയിലില്‍ കൃഷി ആഘോഷമായി. കരനെല്ലും ചോളവും തുടങ്ങി പാവയ്ക്കയും കാബേജും പയറും വരെ സമൃദ്ധമായി വിളഞ്ഞു. ജയില്‍ മേധാവി തന്നെ വിളവെടുപ്പിനും നേതൃത്വം നല്‍കി. അന്തേവാസികളായ തടവുകാരാണ് ഇനി പച്ചക്കറി മുതല്‍ മല്‍സ്യക്കുഞ്ഞുങ്ങളുടെ വരെ പരിപാലകര്‍.