ഈ പ്രണയത്തിനുമുന്നില്‍ കാന്‍സര്‍ തോറ്റോടി; ശ്രുതിക്ക് ഇന്ന് ഒന്നാം പിറന്നാളെന്ന് ഷാന്‍

കാന്‍സറിനെ പ്രണയം കൊണ്ട് തോല്‍പ്പിച്ച് ഷാനും ശ്രുതിയും യാത്ര തുടരുകയാണ്. ജീവിതത്തിനിടയില്‍ കടന്നുവന്ന കാന്‍സര്‍ എന്ന വില്ലനെ ചിരിച്ചുകൊണ്ട് നേരിട്ട്, കീഴടക്കിയിരിക്കുകയാണ് ശ്രുതി. പിറന്നാള്‍ ദിവസം തന്റെ പ്രിയതമക്ക് ആശംസകള്‍ നേരുകയാണ് ഷാന്‍. 

''എന്റെ ചെമ്പൂന്റെ പിറന്നാളാണ്. ഒന്ന് പിറന്നാള്‍ എന്ന് പറയാനാണ് എനിക്കിഷ്ടം. ജീവിതത്തിലേക്ക് കടന്നുവന്ന കാൻസർ വില്ലനെ ചിരിച്ച് കൊണ്ട് നേരിട്ട് അതിനെ കീഴടക്കി പൂർവാധികം ശക്തിയോടെ പുനർജനിച്ചു . . 

ഒരായിരം ജന്മങ്ങൾ വാഗ്ദാനം നൽകുന്നില്ല . . ഒരായിരം വർഷങ്ങൾ പറയുന്നില്ല . .കൂടെയുള്ള നിന്നെ അറിയാനും നിന്നെ ചേർന്ന് നിക്കാനും സ്നേഹിക്കാനും കാണാനും കഴിയുന്നിടത്തോളം പൊന്ന് പോലെ നോക്കും''-ഷാന്‍ കുറിച്ചു. 

കീമോയെത്തുടര്‍ന്ന് മുടി കൊഴിഞ്ഞതോടെ ശ്രുതിക്ക് കൂട്ടായി ഷാനും തല മൊട്ടയടിച്ചിരുന്നു. പന്ത്രണ്ടാം കീമോയും കഴിഞ്ഞ് കാന്‍സറിനെ തുരത്തിയ ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്ന് സുഹൃത്തുക്കള്‍ സോഷ്യല്‍ മീഡിയയില്‍ കുറിപ്പുകള്‍ പോസ്റ്റ് ചെയ്തിരുന്നു. 

കോളജ് കാലത്ത് തുടങ്ങിയതാണ് ഷാനും ശ്രുതിയും തമ്മിലുള്ള പ്രണയം.