കൊച്ചിയിൽ ഒരു സെന്റിന് 1. 70 കോടി രൂപ ! റെക്കോർഡ്

സംസ്ഥാനത്തിന്‍റെ വ്യവസായ തലസ്ഥാനമായ കൊച്ചി നഗരത്തില്‍ ഭൂമിയുടെ പരമാവധി വിലയെത്ര? എത്രയെന്നറിഞ്ഞാല്‍ അമ്പരക്കും. സെന്‍റൊന്നിന് ഒരു കോടി എഴുപത് ലക്ഷം രൂപ . കൊച്ചി മെട്രോയ്ക്കായി എംജി റോഡില്‍ നിന്ന് ഏറ്റെടുത്ത സ്ഥലത്തിനാണ് കേരളത്തിന്‍റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവിട്ടിരിക്കുന്നത്.  

പൊന്നിന്‍ വിലയുടെ കണക്കൊന്നും പറഞ്ഞ്  എംജി റോഡിലെ മണ്ണിന്‍റെ വില അളന്നെടുക്കാനാവില്ല. അതിനൊക്കെ  ഒത്തിരി മേലെയാണ് സര്‍ക്കാരേറ്റെടുത്ത ഇത്തിരി മണ്ണിന് കോടതി നിശ്ചയിച്ചിരിക്കുന്ന പുതിയ വില. എംജി റോഡില്‍ മാധവാ ഫാര്‍മസി ജങ്ഷനടുത്ത് ലബോറട്ടറീസ് എക്യുപ്പ്മെന്‍റ് സ്്റ്റോര്‍ എന്ന സ്ഥാപനം മെട്രോ നിര്‍മാണത്തിനായി ഏറ്റെടുത്തപ്പോള്‍ സെന്‍റൊന്നിന് 52 ലക്ഷം രൂപ നിരക്കിലാണ് സര്‍ക്കാര്‍  നഷ്ടപപരിഹാരം  നല്‍കിയത്. ഇതിനെതിരെ സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയിലാണ്  ഒരു കോടി എഴുപതു ലക്ഷത്തി അറുപത്തിനാലായിരത്തി എണ്ണൂറ്റി ഇരുപത്തിനാലു രൂപ നിരക്കില്‍ നഷ്ടപരിഹാരം നല്‍കണമെന്ന് എറണാകുളം അഡീഷണല്‍ ജില്ലാ കോടതി രണ്ട് ഉത്തരവിട്ടത്.

വിധിക്കെതിരെ മേല്‍ക്കോടതികളെ സമീപിച്ചാലും ഉത്തരവില്‍  മാറ്റമുണ്ടാകുക ദുഷ്കരമെന്ന്  മെട്രോയുടെ തന്നെ സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട മുന്‍കേസുകളുടെ  അനുഭവത്തില്‍ നിന്ന് അഭിഭാഷകര്‍ സാക്ഷ്യപ്പെടുത്തുന്നു.