ചോദിച്ചത് 30 ലക്ഷം; കിട്ടിയത് 53 ലക്ഷം;മറ്റൊരു മഹാമാതൃക; വിഡിയോ

മലയാളി ചിലപ്പോഴൊക്കെ ഇങ്ങനെയാണ് എന്നു പലകുറി ഫിറോസ് കുന്നംപറമ്പിലിന്റെ ഒാരോ പ്രയത്നങ്ങളും വിജയിക്കുമ്പോൾ മലയാളി പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ആ വാചകം വീണ്ടും സത്യമാകുന്നു. കുഞ്ഞു മുഹമ്മദ് ശിബ്‌ലിക്ക് വേണ്ടി 30 ലക്ഷം രൂപ സഹായം ചോദിച്ച ഫിറോസിന് പ്രവാസി മലയാളികളടക്കം വെറും രണ്ടു ദിവസം കൊണ്ട് മുഴുവൻ തുകയും അയച്ചുനൽകിയിരുന്നു. അക്കാര്യം ഫിറോസ് തന്നെ ഫെയ്സ്ബുക്കിലൂടെ പങ്കുവയ്ക്കുകയും ഇനി പണം അയക്കേണ്ടതില്ലെന്ന് അറിയിക്കുകയും ചെയ്തിരുന്നു.

എന്നാൽ പിന്നീടും ഇൗ അക്കൗണ്ടിലേക്ക് പണം എത്തി.  ഇപ്പോൾ ആ അക്കൗണ്ടിലേക്ക് എത്തിയിരിക്കുന്നത് 53 ലക്ഷം രൂപയാണ്. സ്നേഹം കൊണ്ടുള്ള ഇൗ സ്വരുക്കൂട്ടലിന് എന്താണ് മറുപടി പറയേണ്ടതെന്ന് അറിയാതെ ഫിറോസും കുഴങ്ങി.

ശിബ്​ലിയുടെ ചികിൽസയ്ക്കായി ആവശ്യമുള്ള 30 ലക്ഷം രൂപ നൽകിയശേഷം ബാക്കി 23 ലക്ഷം രൂപ മറ്റുള്ളവർക്കായി അദ്ദേഹം മാറ്റിവച്ചിരിക്കുകയാണ്. കോഴിക്കോട് എം.പി എം.കെ രാഘവന്റെ നേതൃത്തിൽ ചേർന്ന ചടങ്ങിലാണ് ഇൗ തുക വിതരണം ചെയ്തത്. ചികിൽസ വേണ്ടവർക്കും പഠനം മുടങ്ങിയവർക്കുമാണ് ഇൗ തുക വിതരണം ചെയ്തത്.

പ്രവാസികൾ ഉൾപ്പെടെയുള്ള മലയാളികളുടെ സ്നേഹത്തിന് ഫിറോസ് നന്ദി പറഞ്ഞപ്പോൾ. നിറഞ്ഞ ചിരിയോടെ ശിബ്​ലിയും വാപ്പയും ആ വേദിയിലുണ്ടായിരുന്നു. സഹായം അഭ്യർഥിച്ച് കൊണ്ടുള്ള പോസ്റ്റുകൾക്ക് നൽകുന്ന പിന്തുണയ്ക്ക് മനോരമ ന്യൂസ് ഡോട്ട്കോമിനോടും അദ്ദേഹം നന്ദി അറിയിച്ചു. 

കരൽ രോഗത്തിന്റെ തീവ്രതയായിരുന്നു മൂന്നുവയസ് മാത്രമുള്ള മുഹമ്മദിനെ തളർത്തി കളഞ്ഞത്. വയറ് വീർത്ത് പൊട്ടാറായ അവന്റെ അവസ്ഥ ആരുടെയും കണ്ണുനിറയ്ക്കുന്നതായിരുന്നു. കരൾ പകുത്ത് നൽകാൻ ഉമ്മ തയാറാണെങ്കിലും ഒാപ്പറേഷന് വേണ്ട പണം കണ്ടെത്താനാകാതെ വിഷമിക്കുകയായിരുന്നു ഇൗ കുടുംബം. അപ്പോഴാണ് ഫിറോസ് ഇവരുടെ പ്രശ്നങ്ങൾ അറിഞ്ഞെത്തുന്നത്. 20 ലക്ഷത്തോളം രൂപ ഒാപ്പറേഷനായി ചെലവ് വരും പിന്നീടുള്ള തുടർ ചികിൽസയ്ക്കും മരുന്നിനുമായി പത്തുലക്ഷത്തോളം രൂപയും വേണം. ഇതാണ് രണ്ടുദിവസം കൊണ്ട് പ്രവാസികളുടെ സഹായത്തോടെ അക്കൗണ്ടിലെത്തിയത്.