കണ്ണിൽ കരടു പോയി; ഒടുവിൽ കണ്ണുതന്നെ പോയി: പരാതി

കണ്ണിൽ പോയ കരട് നീക്കാൻ സ്വകാര്യ ആശുപത്രിയിലെത്തിയ ആൾക്കു ചികിത്സാ പിഴവു മൂലം ഒരു കണ്ണു നീക്കം ചെയ്യേണ്ടി വന്നതായി പരാതി. ഒക്ടോബർ 31ന് പുന്നലയിൽ മേസ്തിരിപ്പണിക്കിടെയാണ് ഒറ്റയ്ക്കൽ പ്രിയാഭവനിൽ ഡി.മണിയുടെ കണ്ണിൽ കരട് പെട്ടത്. ഉടൻ പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയിലെത്തി പരിശോധിച്ചു. മൂന്നു ദിവസം കഴിഞ്ഞുവരാൻ ആവശ്യപ്പെട്ടു. എക്സ്റേ എടുത്ത് നോക്കാൻ മണി ആവശ്യപ്പെട്ടെങ്കിലും കുഴപ്പമില്ലെന്നായിരുന്നു ഡോക്ടറുടെ മറുപടി.

മൂന്നു ദിവസം കഴിഞ്ഞു എത്തിയപ്പോൾ എക്സ്റേ എടുപ്പിച്ചു. എക്സ്റേയിൽ കണ്ണിനു അപകടകരമായ അവസ്ഥയാണെന്നു പറഞ്ഞു മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് അയയ്ക്കുകയായിരുന്നു.അവിടെയെത്തിയ മണിയെ പരിശോധിച്ച ഡോക്ടർമാർ രണ്ടു കണ്ണും നീക്കം ചെയ്യേണ്ടി വരുമെന്നറിയിച്ചു. വിദഗ്ധ ചികിത്സകൾക്കൊടുവിൽ നവംബർ 16ന് കരട് പോയ കണ്ണ് നീക്കം ചെയ്യുകയും മറ്റേ കണ്ണ് നിരീക്ഷണത്തിലാക്കുകയും ചെയ്തു. മൂന്നു മാസത്തിനു ശേഷമേ കാഴ്ചയുള്ള കണ്ണിന്റെ തുടർ ചികിൽസ തീരുമാനിക്കു. മണിയുടെ പരാതിയിൽ  പൊലീസ് അന്വഷണം ആരംഭിച്ചു.