'പ്രളയം അതിജീവനം', പ്രളയകാലത്തെ ദുരിതകാഴ്ച്ചകൾ ക്യാമറക്കണ്ണിലൂടെ

പ്രളയകാലത്തെ ദുരിതക്കാഴ്ചകള്‍ വ്യത്യസ്ത ക്യാമറക്കണ്ണിലൂടെ. നോവും ആശങ്കയും പ്രതീക്ഷയും പങ്കുവയ്ക്കുന്ന നൂറിലധികം ചിത്രങ്ങളാണ് പ്രളയം അതിജീവനമെന്ന പ്രദര്‍ശനത്തിലുള്ളത്. പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായാണ് കോഴിക്കോട് ടൗണ്‍ ഹാളില്‍ പ്രദര്‍ശനം സംഘടിപ്പിച്ചിട്ടുള്ളത്.

അതിജീവനത്തിന്റെ അടയാളങ്ങള്‍. കണ്ണീരിറ്റുന്ന കാഴ്ച. ഉറ്റവരുടെ വേര്‍പാടില്‍ ഹൃദയം തകര്‍ന്നവര്‍. സകലതും നഷ്ടപ്പെട്ടതിന്റെ വേദന ഉള്‍ക്കൊള്ളാനാകാത്തവര്‍. പ്രളയമെടുത്തതും ബാക്കിവച്ചതുമായ പലതും. വിങ്ങലിനപ്പുറം പലതും മനസിനെത്തൊടുന്നവയായി കണ്ണിലുടക്കും. കേരളം വിറങ്ങലിച്ചുനിന്ന പ്രളയകാലത്തിന്റെ തീവ്രത അറിയിക്കുന്ന നൂറിലധികം ചിത്രങ്ങള്‍. കരകയറാന്‍ തുടങ്ങുന്ന മലയാളിയെ പലതും ഓര്‍മപ്പെടുത്തുന്ന പ്രദര്‍ശനം.

പ്രളയകാലത്ത് ദിനപ്രതങ്ങളില്‍ പ്രസിദ്ധീകരിച്ച ചിത്രങ്ങളും പകര്‍ത്തിയ ഫൊട്ടോഗ്രാഫര്‍മാരെയും തിരിച്ചറിയാനുള്ള അവസരം കൂടിയാണ് ടൗണ്‍ ഹാളിലുള്ളത്. പ്രദര്‍ശനം നാളെ സമാപിക്കും.