ഞാൻ വന്നില്ലെങ്കിലും നീ മണവാട്ടിയായി ഒരുങ്ങണം; കണ്ണീരൊളിപ്പിച്ച് അവൾ ഒരുങ്ങി: മൂകം

നവംബർ 11ന് എനിക്ക് എത്താൻ സാധിച്ചില്ലെങ്കിൽ നീ വിഷമിക്കരുത്. ഞാൻ നിനക്കുവേണ്ടി തിരഞ്ഞെടുത്ത തൂവെള്ള വിവാഹവസ്ത്രമണിഞ്ഞ് വെള്ള റോസപുഷ്പങ്ങളും പിടിച്ച് നീ സുന്ദരിയായി നിൽക്കണം. നിന്റെ മനോഹരമായ ചിത്രങ്ങൾ ഞാൻ തിരികെ എത്തുമ്പോൾ കാണിക്കണം" പ്രതിശ്രുത വധുവിനോട് തമാശയായി പറഞ്ഞ യാത്രാമൊഴി അറംപറ്റുമെന്ന് ഒരിക്കലും റിയോ കരുതിയിരിക്കില്ല. 

വധു ഇൻതാൻ സ്യാരിയോട് യാത്രപറഞ്ഞ് ഇൻഡോനേഷ്യയിൽ നിന്നും ജക്കാർത്തയിലെ ഒരു സെമിനാറിൽ പങ്കെടുക്കാനാണ് റിയോ യാത്ര പറഞ്ഞത്. ആ യാത്ര പക്ഷെ അവസാനയാത്രയായിരുന്നു. 

പക്ഷെ റിയോയ്ക്ക് നൽകിയ വാക്കി ഇൻതാൻ സ്യാരി തെറ്റിച്ചില്ല. അവനിഷ്ടപ്പെട്ട വേഷത്തിൽ അതിസുന്ദരിയായി തന്നെ സ്യാരി നിന്നു. ഫോട്ടോകളെടുത്തു, പുഞ്ചിരിക്ക് പിന്നിൽ വലിയൊരു കണ്ണുനീർ അടക്കിപിടിച്ചുകൊണ്ട്. ഒരിക്കലും പ്രിയപ്പെട്ടവൻ തിരികെ വരില്ല എന്ന യാഥാർഥ്യം ഉൾക്കൊണ്ടുകൊണ്ട് തന്നെ വധുവായി സ്യാരി ഒരുങ്ങി. കൂട്ടുകാരും ബന്ധുക്കളും റിയോയുടെ അദൃശ്യസാമിപ്യം അറിഞ്ഞു. സ്യാരിയുടെ റിയോയും വർഷങ്ങളായി സ്വപ്നം കണ്ട ആ ദിനത്തിൽ കൈപിടിക്കാൻ റിയോയില്ലാതെ സ്യാരി തനിച്ചായിരുന്നു. 

റിയോ ഉള്‍പ്പടെ 189 പേരുമായി പറന്നുയര്‍ന്ന ലയണ്‍ എയര്‍ ഫ്‌ലൈറ്റ് ജെടി 610 അപകടത്തില്‍ പെടുകയായിരുന്നു. അപകടത്തില്‍ ഒരാള്‍ പോലും രക്ഷപ്പെട്ടില്ല. ജക്കാർത്തയിൽ നിന്നുള്ള മടക്കയാത്രയിലായിരുന്നു അപകടം. 

13 വർഷമായി സ്യാരിയുടെ റിയോയും പ്രണയത്തിലായിരുന്നു. ഇരുവരും ഒരുപാട് കാത്തിരുന്നതായിരുന്നു വിവാഹദിനം. പക്ഷെ വിധി മറ്റൊന്നായിരുന്നു. എങ്കിലും റിയോയുടെ ആഗ്രഹം പൂർത്തികരിക്കാനാണ് ഉള്ളിലെ വേദന മറച്ചുപിടിച്ച് സ്യാരി വധുവായി ഒരുങ്ങിയത്. 

'എന്റെ ദുഃഖം വാക്കുകളില്‍ വിവരിക്കാനാകില്ല. പക്ഷെ ഇന്ന് ഞാന്‍ നിനക്കായി ചിരിക്കുന്നു. ഞാന്‍ വിഷമിച്ചിരിക്കില്ല... നീയെന്നോട് പറഞ്ഞിരുന്നത് പോലെ കരുത്തയായിരിക്കും'-ഇൻസ്റ്റാഗ്രാമിൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്ത് സ്യാരി കുറിച്ചു.