ട്രാക്കിലെ പ്രണയസാഫല്യത്തിന് മൂന്നാം വാർഷികം; അന്ന് തന്നെ രാഹുലിന് റെക്കോഡ്

സുവർണമുത്തം: തേഞ്ഞിപ്പലത്ത് നടക്കുന്ന കാലിക്കറ്റ് സർവകലാശാല അത്‌ലറ്റിക് മീറ്റിൽ ആൺകുട്ടികളുടെ ഹാമർത്രോയിൽ റെക്കോർഡ് നേടിയ കൊടകര സൗഹൃദ കോളജിലെ രാഹുൽ സുബാഷിനു ഭാര്യ അനു ബാബു മുത്തം നൽകുന്നു. ചിത്രം മനോരമ

ട്രാക്കിലെ പ്രണയസാഫല്യത്തിന്റെ മൂന്നാം വാർഷികത്തിൽ രാഹുലിന് റെക്കോർഡ് നേട്ടം. കാലിക്കറ്റ് സർവകലാശാലാ അത്‌ലറ്റിക് മീറ്റിൽ ഹാമർത്രോയിലെ റെക്കോർഡ് സ്വർണം നേടിയ കൊടകര സഹൃദയ കോളജിലെ എംഎ വിദ്യാർഥി രാഹുൽ സുഭാഷിന്റെ വിജയത്തിന് അങ്ങനെ ഇരട്ടിമധുരം. കായികതാരം കൂടിയായ ഭാര്യ അനുവിനുള്ള മൂന്നാം വിവാഹ വാർഷിക സമ്മാനമാണ് റെക്കോർഡ് സ്വർണനേട്ടമെന്ന് രാഹുൽ പറഞ്ഞു. 

ട്രാക്കിൽ പരിചയപ്പെട്ട് ഏറെ വെല്ലുവിളികൾ മറികടന്നാണ് ഇവർ വിവാഹിതരായത്.അനു കോഴിക്കോട് ഈസ്റ്റ്ഹിൽ ഫിസിക്കൽ എജ്യൂക്കേഷൻ കോളജ് വിദ്യാർഥിയാണ്. ഒഴിവുദിവസങ്ങളിൽ രാഹുൽ കൂലിപ്പണിക്കുപോയാണ് ജീവിതവും പരിശീലനവും മുന്നോട്ടുകൊണ്ടുപോകുന്നത്. സ്വന്തമായി വീടില്ല. അമ്മയ്ക്കും സഹോദരനുമൊപ്പം ഇരിങ്ങാലക്കുടയിലെ വാടകവീട്ടിലാണ് താമസം. 

ഹാമർ‌ത്രോയിൽ തന്റെ തന്നെ റെക്കോർഡ് തകർത്ത് സ്വർ‍ണം നേടിയതിനെക്കാൾ വലിയൊരു സന്തോഷംകൂടിയുണ്ട് ഇത്തവണ രാഹുലിന്. രാഹുൽ പരിശീലിപ്പിച്ച് കളത്തിലിറക്കിയ അനുജൻ ഗോകുലിനാണ് ഈയിനത്തിൽ രണ്ടാം സ്ഥാനം. ജ്യേഷ്ഠൻ 50.33 മീറ്റർ എറിഞ്ഞിട്ടപ്പോൾ അനുജ‍ൻ 44.39 മീറ്ററിന്റെ ദൂരം കണ്ടെത്തി. 5 തവണ യൂണിവേഴ്സിറ്റി ചാംപ്യനായ ഈ ഇരുപത്തിനാലുകാരൻ ഇനി ഒരു ജോലി കണ്ടെത്താനുള്ള ശ്രമത്തിലാണ്.