നോട്ടുനിരോധനം: മോദിയെ പുകഴ്ത്തി; പോസ്റ്റ് കുത്തിപ്പൊക്കി; ബൽറാമിന് ഇക്കുറിയും പൊങ്കാല

നോട്ടുനിരോധനത്തിന്റെ രണ്ടാം വാർഷികത്തിലും‌ കോൺഗ്രസ് നേതാവ് വി ടി ബൽറാമിന് പൊങ്കാല. നോട്ടുനിരോധനത്തെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും പുകഴ്ത്തുന്ന ആ പഴയ പോസ്റ്റ് കുത്തിപ്പൊക്കിയാണ് സോഷ്യൽ മീഡിയ ബൽറാമിനെ ട്രോളുന്നത്. 

നോട്ടുനിരോധനപ്രഖ്യാപനം വന്ന ശേഷം, 2016 മെയ് എട്ടിന് ബൽറാം ഫെയ്സ്ബുക്കിൽ കുറിച്ചതിങ്ങനെ:

'500, 1000 നോട്ടുകൾ പിൻവലിക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തെയും പ്രത്യേകിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇച്ഛാശക്തിയെയും അഭിനന്ദിക്കുന്നു. സാധാരണക്കാർക്ക് അടുത്ത കുറിച്ച് ദിവസം വലിയ അസൗകര്യമുണ്ടാകുമെങ്കിലും പൊതുവിൽ നോക്കുമ്പോൾ കള്ളപ്പണത്തിനും അഴിമതിക്കുമെതിരെയുള്ള ശക്തമായ നടപടിയായി ഇത് മാറുമെന്ന് തന്നെ പ്രത്യാശിക്കുന്നു'

ഈ പോസ്റ്റിന്റെ സ്ക്രീൻഷോട്ടുകളും മറ്റും വ്യാപകമായി പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ വർഷം ഇതേ സമയം ബൽറാമിന്റെ ഇതേ പോസ്റ്റ് സോഷ്യൽ മീഡിയ കുത്തിപ്പൊക്കിയിരുന്നു. 

വിനിമയത്തിലുണ്ടായിരുന്ന 86 ശതമാനം നോട്ടുകൾക്കും കടലാസുകഷണത്തിന്റെ വിലപോലും ഇല്ലാതാക്കിയ തീരുമാനമായിരുന്നു നോട്ടുനിരോധനം. രാജ്യമാകെ ജനത നെട്ടോട്ടമോടിയ കാലം. എന്നാൽ അസാധുവാക്കിയ നോട്ടുകളിൽ 99.3 ശതമാനം നോട്ടും തിരികെയെത്തിയെന്ന് ആർബിഐ സ്ഥിരീകരിച്ചതോടെ നോട്ടുനിരോധനം പരാജയമാണെന്ന് തെളിഞ്ഞു. 

നോട്ടുനിരോധനത്തിന് മൂന്ന് ലക്ഷ്യങ്ങളാണെന്നാണ് മോദി അന്ന് പറഞ്ഞത്. കള്ളപ്പണക്കാരുടെ തായ്‌വേരറുക്കും എന്നതായിരുന്നു അവയിൽ പ്രധാനം. കള്ളനോട്ടടിക്കുന്ന കമ്മട്ടങ്ങൾ പൂട്ടിക്കെടുക, ഭീകരതയ്ക്ക് അന്ത്യം കുറിക്കുക എന്നിവ മറ്റ് ലക്ഷ്യങ്ങൾ.

എന്നാൽ പിന്നീട് ആ ലക്ഷ്യങ്ങളിൽ ചില മാറ്റങ്ങളും സർക്കാർ വരുത്തി. നോട്ടുകളും ഉപയോഗം കുറച്ച് ഡിജിറ്റൽ സമ്പദ് വ്യവസ്ഥ ശക്തമാക്കുക, മറ്റൊന്ന് കൂടുതൽ ആളുകളെ നികുതിപരിധിയിൽ കൊണ്ടുവരിക എന്നിവയായി പിന്നീടുള്ള ലക്ഷ്യങ്ങൾ. 

എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ 50 ദിവസം മാത്രമാണ് മോദിസർക്കാർ ചോദിച്ചത്. എന്നാൽ നോട്ടുനിരോധനത്തിന്റെ രണ്ടാം വാർഷികത്തിന് രണ്ടുമാസം മാത്രം ശേഷിക്കുമ്പോഴും പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടോ?

ഇല്ലെന്നാണ് ആർബിഐ വാർഷികറിപ്പോർട്ട് പറയുന്നത്. അസാധുവാക്കിയ നോട്ടുകളിൽ 99.3 ശതമാനവും തിരിച്ചെത്തിയെന്നത് പരാജയവാദങ്ങളെ ശരിവെക്കുന്നു.