സുമേഷിന്റെ ഓട്ടോയിൽ കയറുന്നവർക്ക് ബോറടിക്കില്ല; മ്യൂസിയം കണ്ട് യാത്ര ചെയ്യാം

ഏക വരുമാനമാർഗമായ ഓട്ടോറിക്ഷയെ സഞ്ചരിക്കുന്ന മ്യൂസിയമാക്കി മാറ്റി കണ്ണൂര്‍‍ പയ്യന്നൂര്‍ സ്വദേശി. പയ്യന്നൂര്‍ പഴയ ബസ് സ്റ്റാൻഡിൽ ഓട്ടോയോടിക്കുന്ന സുമേഷ് ദാമോദരനാണ് അപൂർവ്വ സ്റ്റാമ്പുകളും കറൻസികളും ഓട്ടോറിക്ഷയിൽ പ്രദർശിപ്പിച്ചിരിക്കുന്നത്.

ഓട്ടോയിൽ കയറുന്നവർക്ക് ബോറടിക്കാതെ മ്യൂസിയം കണ്ട് യാത്ര ചെയ്യാം. പതിനായിരത്തോളം അപൂർവ്വ സ്റ്റാമ്പുകളുടെയും കറൻസികളുടെയും ശേഖരത്തിന് ഉടമയാണ് സുമേഷ്. ഇതിൽനിന്ന് തിരഞ്ഞെടുത്ത 300 നാണയങ്ങൾ, 250ഓളം സ്റ്റാമ്പുകൾ എന്നിവയാണ് ഓട്ടോറിക്ഷയിൽ സ്ഥിരമായി പ്രദർശിപ്പിച്ചിരിക്കുന്നത്. അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ തുടങ്ങിയതാണ് സ്റ്റാമ്പുകളുടെയും നാണയങ്ങളുടെയും ശേഖരണം. കുറച്ചുകാലം സ്വകാര്യ ബസ്സിൽ കണ്ടക്ടറായി ജോലി ചെയ്തത് നാണയ ശേഖരണത്തിന് സഹായകമായി.

വിദേശത്തുള്ള ബന്ധുക്കളും സുഹൃത്തുക്കളും വഴി ഒട്ടേറെ സ്റ്റാമ്പുകളും നാണയങ്ങളും ലഭിച്ചിരുന്നു. മുറിഞ്ഞു പോയതും സ്ഥാനംതെറ്റി പ്രിൻറ് ചെയ്തതും ഉൾപ്പെടെയുള്ള നാണയങ്ങളും നോട്ടുകളും സുമേഷിന്റെ ശേഖരത്തിലുണ്ട്.