പ്രളയത്തിൽ തകർന്ന ആലപ്പുഴക്കായി മഞ്ജു; സഹായം തേടി ലൈവിൽ

പ്രളയക്കെടുതിയെ നേരിടുന്ന ആലപ്പുഴക്കായി കൈകോർത്ത് നടി മഞ്ജു  വാര്യർ. ആലപ്പുഴ ജില്ലാ ഭരണകൂടത്തിന്റെ കീഴിൽ ആരംഭിച്ച ഐ ആം ഫോർ ആലപ്പി എന്ന സംരംഭത്തിനായി മഞ്ജു ഫെയ്സ്ബുക്കിൽ ലൈവിലെത്തി.

മഞ്ജുവിന്റെ വാക്കുകൾ: 

''മൂന്നുലക്ഷത്തിലധികം പേരെ ഭവനരഹിതരാക്കുകയും ആയിരക്കണക്കിന് കെട്ടിടങ്ങൾക്ക് നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്ത ഒരു മഹാപ്രളയമാണ് കടന്നുപോയത്. ആശുപത്രികളും വിദ്യാലയങ്ങളും തുടങ്ങി നിരവധി പൊതുസ്ഥാപനങ്ങളെ പ്രളയം സാരമായി ബാധിച്ചിട്ടുണ്ട്. 

''ആലപ്പുഴ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ പ്രളയത്തിൽ തകർന്ന പൊതുസ്ഥാപനങ്ങളും പൊതുസ്ഥലങ്ങളും പുനർനിർമിക്കാൻ ഒരു ക്യാംപെയിൻ ആരംഭിച്ചിട്ടുണ്ട്. ഐ ആം ഫോർ ആലപ്പി എന്നാണ് ഹാഷ്ടാഗ്. നിങ്ങൾക്ക് നേരിട്ട് ഏറ്റെടുത്ത് റിപ്പയർ ചെയ്യുകയോ പുനർനിർമിക്കുകയോ ചെയ്യാവുന്നതാണ്.

ഇതിനായി ആരംഭിച്ചിരിക്കുന്ന ഫെയ്സ്ബുക്ക് പേജിൽ പുനർനിർമിക്കേണ്ട സ്ഥാപനങ്ങളുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നതാണ്. 

''താത്പര്യമുള്ള വ്യക്തികളോ ഗ്രൂപ്പുകളെ സ്പോൺസർ ആയി രജിസ്റ്റർ ചെയ്യാനുള്ള ഫോം പേജിൽ നിന്ന് ലഭിക്കുന്നതാണ്. 

ഈ പുനർനിർമാണപ്രവർത്തനത്തിൽ പങ്കാളിയാകാൻ നിങ്ങളെയും ക്ഷണിക്കുന്നു എന്നുപറഞ്ഞാണ് വിഡിയോ അവസാനിക്കുന്നത്.