'നേരത്തെ അറിയിച്ചിരുന്നു; മഞ്ജു വാര്യരെ വലിച്ചിഴക്കരുത്'; വിവാദത്തിൽ ഉണ്ണി

മേപ്പടിയാൻ സിനിമയുടെ പ്രമോഷന്റെ ഭാഗമായി ചിത്രത്തിന്റെ ഒരു പോസ്റ്റർ മഞ്ജു വാര്യർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. കുറച്ച് ദിവസങ്ങൾക്ക് ശേഷം പോസ്റ്റ് അപ്രത്യക്ഷമായതോടെ വിവാദങ്ങൾക്ക് വഴിവെച്ചു. സിനിമ സംഘപരിവാർ അനുകൂല പ്രമേയമാണ് എന്ന തരത്തില്‍ വാർത്തകൾ .എന്നാൽ ഇതിൽ വിശദീകരണവുമായി മേപ്പടിയാൻ സിനിമയിലെ നായകൻ ഉണ്ണി മുകുന്ദൻ രംഗത്തെത്തിയിരിക്കുകയാണ്. 

പ്രചരിക്കുന്നത് അനാവശ്യ വാർത്തകളാണെന്നും ഇത്തരത്തിലുള്ള ഏതെങ്കിലും റിലീസ് പോസ്റ്റുകൾ അവരുടെ സോഷ്യൽ മീഡിയ ഹാൻഡിലിൽ നിന്ന് ഒരാഴ്ചയ്ക്ക് ശേഷം നീക്കം ചെയ്യുമെന്ന് മഞ്ജു വാര്യരുടെ സോഷ്യൽ മീഡിയ ടീം മുൻകൂട്ടി അറിയിച്ചിരുന്നുവെന്നും ഉണ്ണി വ്യക്തമാക്കുന്നു. പ്രശസ്തയായ ഒരു കലാകാരിയെ ഇത്തരം ദുർബലമായ ആശങ്കകളിലേക്ക് വലിച്ചിഴക്കരുത് എന്നും ഉണ്ണി അഭ്യർഥിക്കുന്നു.

ഉണ്ണി മുകുന്ദന്റെ കുറിപ്പ്: 

ഹലോ സുഹൃത്തുക്കളെ, മേപ്പടിയാൻ എന്ന എന്റെ സിനിമയുടെ പ്രചരണാർത്ഥം മഞ്ജു ചേച്ചി പങ്കുവെച്ച ഒരു സൗഹാർദപരമായ പോസ്റ്റുമായി ബന്ധപ്പെട്ട് അനാവശ്യ വാർത്തകൾ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.

ഇത്തരത്തിലുള്ള ഏതെങ്കിലും റിലീസ് പോസ്റ്റുകൾ അവരുടെ സോഷ്യൽ മീഡിയ ഹാൻഡിലിൽ നിന്ന് ഒരാഴ്ചയ്ക്ക് ശേഷം നീക്കം ചെയ്യുമെന്ന് മഞ്ജു വാര്യരുടെ സോഷ്യൽ മീഡിയ ടീം മുൻകൂട്ടി അറിയിച്ചിരുന്നുവെന്ന് ഞാൻ വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു.

അതിനാൽ ഞങ്ങൾ ഇവിടെ ഒരു പ്രശ്നവും കാണുന്നില്ല. പ്രശസ്തയായ ഒരു കലാകാരിയെ ഇത്തരം ദുർബലമായ ആശങ്കകളിലേക്ക് വലിച്ചിഴക്കരുത് എന്ന് അഭ്യർത്ഥിക്കുന്നു. ഈ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട എല്ലാ ആശങ്കകളും ഇവിടെ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു.